‘ഹിന്ദി’യില്‍ മലക്കം മറിഞ്ഞ് അമിത് ഷാ


റാഞ്ചി: ഹിന്ദി ദേശവ്യാപകമാക്കണമെന്ന പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് അമിത് ഷാ. പ്രാദേശിക ഭാഷകളെ ഒഴിവാക്കി ഹിന്ദി നിര്‍ബന്ധമാക്കുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനയെ രാഷ്ട്രീയമായി മറ്റുള്ളവര്‍ ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കാരണം രാജ്യത്തിന് അത്തരം ഒരു ഭാഷ ആവശ്യമാണ്. തന്റെ പ്രസ്താവന വിവാദമാക്കുന്നവര്‍ ഒരാവര്‍ത്തി കൂടി അത് കേള്‍ക്കണമെന്നും സംശയം മാറിക്കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവനക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം നയം തിരുത്തി രംഗത്തു വന്നതെന്നും ശ്രദ്ധേയമാണ്. അസമിന് പിന്നാലെ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കുമെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. ഹിന്ദുസ്ഥാന്‍ പൂര്‍വോദയ പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്യത്ത് നിന്നും അനധികൃത താമസക്കാരെ പുറന്തള്ളുമെന്ന് ഷാ വ്യക്തമാക്കിയത്. രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്തും. അതാണ് എന്‍.ആര്‍.സി ഇത് അസമിലെ പൗരന്‍മാര്‍ക്ക് മാത്രമല്ല ബാധകമാവുകയെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഒരു രാജ്യത്തും അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ലെന്നും ഇതു തന്നെ ഇന്ത്യയിലും ഉടന്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ അന്തിമ എന്‍.ആര്‍.സി ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്ക് വിദേശ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അസം എന്‍.ആര്‍.സിക്കു വേണ്ടി വാദിച്ചിരുന്ന ബി.ജെ.പി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ബംഗാളി ഹിന്ദുക്കള്‍ പട്ടികക്ക് പുറത്തായതോടെ ഇതിനെതിരെ രംഗത്തു വന്നിരുന്നു.

SHARE