ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയെ പിടിച്ചുകുലുക്കുന്നു. പ്രതിഷേധക്കാര്‍ കൊത്ഖായ് പൊലീസ് സ്റ്റേഷന് അഗ്നിക്കിരയാക്കുകയും ദേശീയപാതകളിലടക്കം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മാനഭംഗവുമായി ബന്ധപ്പെട്ട് പിടിയിലായ നേപ്പാള്‍ സ്വദേശി സുരാജ് സിങി (29) നെ ബുധനാഴ്ച രാത്രിയാണ് കൊത്ഖായ് സ്റ്റേഷനിലെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പട്ട് ഇന്നലെ മിക്കയിടങ്ങളിലും ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. സ്ഥിതിഗതികള്‍ നേരിടാന്‍ പ്രദേശത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചതായി ഷിംല പൊലീസ് മേധാവി ഡി.ഡബ്ല്യു നെഗി വ്യക്തമാക്കി. സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലമാറ്റിയതായും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.
ഈ മാസം നാലിനാണ് സ്കൂളില്‍ നിന്നും മടങ്ങിയ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്. രണ്ടുദിവസത്തിനു ശേഷം മൃതദേഹം ഹലൈല വനത്തില്‍ നഗ്നമായ നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും ബലാത്സംഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സുരാജ് സിങിനെ കൂടാതെ ആശിഷ് ചൗഹാന് (29), രജീന്ദര്‍ സിങ് (32), സുഭാഷ് സിങ് (42), ദീപക് (38), നേപ്പാളുകാരനായ ലോക് ജാന്‍ (19) എന്നിവരാണ് ഈ മാസം 13ന് പിടിയിലായത്.
Violence in kothkai, shimla, after an accused in rape and murder of a minor died in police custody pic.twitter.com/BkDez8PHM1
— Chetan Chauhan (@chetanecostani) July 19, 2017
ആപ്പിള്‍ കൃഷിയിടത്തില്‍ ജേലിക്കായാണ് നേപ്പാളുകാരായ സുരാജും ലോക്ജാനും ഇന്ത്യയിലെത്തിയത്. സ്കൂളില്‍ നിന്നും മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ചോദ്യംചെയ്യലില്‍ അഞ്ചംഗ സംഘം വെളിപ്പെടുത്തി. പെണ്‍കുട്ടിയെ വാഹനത്തില്‍ ബലാല്‍ക്കാരമായി കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് കര്‍ഷകനായ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നിര്‍ഭയ മോഡല്‍ മാനഭംഗത്തില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. അന്വേഷണം സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും പ്രതിപക്ഷമായ ബി.ജെപിയുടെ നേതൃത്വത്തില്‍ സമരം അക്രമാസക്തമായി തുടരുകയാണ്. ഷിംലയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കോത്ഖായില്‍ യുദ്ധസമാനമായ സാഹചര്യമാണുള്ളത്.
പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മര്‍ച്ചില്‍ മൂവായിരത്തോളം പ്രതിഷേധക്കാരാണ് പങ്കെടുത്തത്. കല്ലേറും അക്രമവും നടത്തിയ ശേഷം സ്റ്റേഷന് തീയിടുകയായിരുന്നു. സഹതടവുകാരനായ രജീന്ദര്‍ സിങിന്റെ മര്‍ദനമേറ്റാണ് സുരാജ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വിശദീകരിച്ചു. രാത്രി സൂരജും രജീന്ദറുമായി വഴക്കിടുകയും മര്‍ദ്ദനമേറ്റ സൂരജ് ആസ്പത്രിയിലെത്തിക്കും മുമ്പേ മരിച്ചതായും പൊലീസ് മേധാവി പറഞ്ഞു.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടും അക്രമം തുടരുന്ന ബി.ജെ.പിയുടെ നടപടിയെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്ഭദ്രസിംങ് രൂക്ഷമായി വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം.