‘അതേ ത്രില്ലിലും ആഹ്ലാദത്തിലും തന്നെ’; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരന്‍ മറ്റന്നാള്‍ ബൂത്തിലേക്ക്

കിന്നോര്‍: 1951-ലായിരുന്നു ആദ്യമായി ശ്യാം സരണ്‍ നെഗി വോട്ടു ചെയ്യുന്നത്. അന്ന് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കുത്തിയതോടെ ഹിമാചലിലെ നെഗി സ്വദേശിയായ ശ്യാം സരണ്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരനായി മാറി. ഇന്ന് നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ മറ്റന്നാള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് ഈ മൂത്ത കാരണവര്‍. ആദ്യമായി വോട്ട് ചെയ്യുമ്പോഴുണ്ടായ അതേ ആവേശത്തോടെ, ആഹ്ലാദത്തോടെ.

ഷിംലയില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെയുള്ള കല്‍പ്പയിലെ ബൂത്തിലാണ് ശ്യാം നെഗി വോട്ട് രേഖപ്പെടുത്തുക. ഹിമാചലിലെ പ്രായം ചെന്ന വോട്ടര്‍മാരിലൊരാളാണ് അദ്ദേഹം. എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടുകാരനായതിന്റെ തിളക്കം അദ്ദേഹത്തെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മറ്റന്നാള്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തന്റെ പിതാവെന്ന് ഇളയ മകന്‍ ചന്ദെര്‍ പ്രകാശ് പറയുന്നു. ആദ്യമായി വോട്ടു ചെയ്യുമ്പോഴുണ്ടായ അതേ ത്രില്ലും ആഹ്ലാദവുമായാണ് പിതാവ് ബുത്തിലേക്കൊരുങ്ങുന്നതെന്നും ചന്ദെര്‍ പറഞ്ഞു. പരസഹായമില്ലാതെ ശ്യാം സരണിന് ഇപ്പോള്‍ നടക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് വോട്ടുചെയ്യുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഡോ. അരവിന്ദ് കുമാര്‍ പറഞ്ഞു. വീട്ടില്‍ നിന്നും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിന് പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡറായി ശ്യാം സരണിനെ പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടുകാരനായ ശ്യാമിനെ സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിരുന്നു. ആദ്യ വോട്ടിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16തവണയും നിയമസഭയിലേക്ക് 12 തവണയും ശ്യാം നെഗി വോട്ട് രേഖപ്പെടുത്തി. 1917-ലാണ് നെഗി ജനിച്ചത്.