കോവിഡ് പ്രതിരോധത്തിലും അഴിമതി; ഹിമാചല്‍ ബി.ജെ.പി അധ്യക്ഷന്‍ രാജിവെച്ചു


ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ രാജീവ് ബിന്‍ഡാല്‍ രാജിവച്ചു. ബുധനാഴ്ചയാണ് ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി അധ്യക്ഷന്‍ തല്‍സ്ഥാനത്ത് നിന്ന് രാജിവച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞിരുന്നു.

അഴിമതി വ്യക്തമായ സാഹചര്യത്തില്‍ ആരോഗ്യ ഡയറക്ടര്‍ ഡോ. എ.കെ.ഗുപ്തയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഉപകരണ വിതരണക്കാരനും ഗുപ്തയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നാലെയാണ് സര്‍ക്കാരും ബിജെപിയും ഉള്‍പ്പെടെ അഴിമതി ആരോപണത്തിന്റെ നിഴലില്‍ വന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വിശ്വസ്തനായ ബിന്‍ഡാല്‍ ജനുവരി വരെ നിയമസഭ സ്പീക്കറായിരുന്നു. ജെ.പി.നഡ്ഡയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.

ബിജെപി നേതാവിന് പണം വാഗ്ദാനം ചെയ്യുന്ന ഓഡിയോ സന്ദേശമാണ് പുറത്ത് വന്നത്. അഞ്ച് ലക്ഷം രൂപയാണ് ബിജെപി നേതാവിന് കരാറുകാരന്‍ വാഗ്ദാനം ചെയ്യുന്നത്. അതേസസമയം, ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് അയച്ച കത്തില്‍ ബിന്‍ഡാല്‍ പറഞ്ഞു.

SHARE