ഹിമ ദാസ് എന്ന ഓട്ടക്കാരിയെ ആരും മറക്കാനിടയില്ല.എന്നാല്‍ താരം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് ഇന്നത്തെ നിലയില്‍ താന്‍ എത്തുന്നതിനായി അനുഭവിച്ച കഷ്ടപ്പാടുകളും ഇപ്പോള്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞാണ്. ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്കൊപ്പമെത്തിയ ഇന്‍സ്റ്റാ ലൈവില്‍ തുടക്ക കാലത്തില്‍ നേരിട്ടതുള്പ്പെടെയുള്ള പ്രയാസങ്ങളെ കുറിച്ച് ഹിമാ ദാസ് പറയുന്നു.
ആദ്യ കാലത്ത് ഓടിത്തുടങ്ങുമ്പോള്‍ ഷൂസൊന്നും ഉണ്ടായിരുന്നില്ല. ദേശീയ തലത്തില്‍ ആദ്യമായി ഓടാനെത്തിയപ്പോള് പിതാവ് എനിക്ക് ഒരു ജോഡി ഷൂ വാങ്ങി തന്നു. സാധാരണ ഷൂസ് ആയിരുന്നു അത്. ഞാന്‍ അതില്‍ അഡിഡാസ് എന്ന് എഴുതി വെച്ചു. കാലം എന്താണ് നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. അഡിഡാസ് ഇപ്പോള്‍ എന്റെ പേരോടെ ഷൂസ് ഇറക്കുകയാണ്. ഹിമ ദാസ് പറഞ്ഞു.
സച്ചിന് തെണ്ടുല്‍ക്കറെ ആദ്യമായി നേരില്‍ കണ്ട നിമിഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു. റോള്‍ മോഡലിനെ നേരില്‍ കാണുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വലിയൊരു നിമിഷമാണ് ഹിമ പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം ഒളിംപിക്സിന് വേണ്ട പരിശീലനം ആരംഭിക്കുമെന്നും ഹിമ പറഞ്ഞു.