അണുബാധയെ പേടിക്കേണ്ട, ജീവനക്കാര്‍ ഹിജാബ് ധരിച്ചോളൂ; ചരിത്ര തീരുമനവുമായി ഈ ആശുപത്രി

ലിങ്കണ്‍ഷെയര്‍(ലണ്ടന്‍): മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഹിജാബ് ഉപയോഗിക്കാവുന്ന രീതിയില്‍ യൂണിഫോമില്‍ പരിഷ്‌കാരവുമായി ലണ്ടനിലെ ഈ അശുപത്രി. ഒരു തവണ ഉപയോഗിച്ച ശേഷം കളയാന്‍ സാധിക്കുന്ന ഹിജാബുകളാണ് റോയല്‍ ഡേര്‍ബി ആശുപത്രി അവതരിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വസ്തുക്കള്‍ കൊണ്ടാണ് ഹിജാബ് നിര്‍മ്മിച്ചിരിക്കുന്നത്.

ദിവസം മുഴുവന്‍ ഉപയോഗിക്കേണ്ടി വരുന്ന ഹിജാബിലൂടെ അണുക്കള്‍ പടരുമെന്ന രോഗികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്ന രീതിയിലാണ് ആശുപത്രി അധികൃതരുടെ നടപടി. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷെയറിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ലണ്ടനില്‍ ഇത്തരം സൗകര്യം ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തുന്ന ആദ്യ ആശുപത്രിയാണ് റോയല്‍ ഡേര്‍ബിയെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

ജോലിയോടുള്ള ആത്മാര്‍ത്ഥതയ്ക്ക് മതവിശ്വാസം തടസമാകുമോയെന്ന് പലപ്പോഴും ഓപ്പറേഷന്‍ തിയറ്ററുകളില്‍ പോകുമ്പോള്‍ തോന്നിയിരുന്നുവെന്ന് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായ ഫറാ റോസ്ലാന് തോന്നിയിരുന്നു. അധികൃതരുമായി ഈ ആശങ്ക ഫറ പങ്കുവച്ചിരുന്നു ഇതിന് പിന്നാലെയാണ് യൂണിഫോമില്‍ ആശുപത്രി അധികൃതര്‍ നിര്‍ണായക മാറ്റം വരുത്തിയത്. ഈ നടപടി രാജ്യത്തെ മറ്റ് ആശുപത്രികളില്‍ പിന്തുടര്‍ന്നാല്‍ അത് ചരിത്ര തീരുമാനമാകുമെന്ന് ഫറ ബിബിസി റേഡിയോയോട് വിശദമാക്കി. പ്രഖ്യാപനം മാത്രമല്ല ഡിസംബര്‍ ആദ്യവാരം മുതല്‍ പുതിയ ഹിജാബുകള്‍ ആശുപത്രിയില്‍ ലഭ്യമാക്കാനും അധികൃതര്‍ മറന്നില്ല.

SHARE