ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൗര്വനിയമ ഭേഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പതിച്ച യോഗി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ റോഡില്‍ ബാനറുകളില്‍ പതിച്ചിതിനെതിരെ സ്വമേധയാ കേസെടുത്തുകൊണ്ടാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.
ആരോപണവിധേയരായ സി.എ.എ സമരക്കാരുടെ പോസ്റ്ററുകള്‍ സ്ഥാപിച്ച ഭരണകൂട നടപടി തികച്ചും അന്യായമാണെന്നും ഇത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള അതിക്രമമാണെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുടെ ബെഞ്ച് വിമര്‍ശിച്ചു
ഇന്ന് മൂന്നു മണിക്ക് മുമ്പായി ഈ ബാനറുകള്‍ നീക്കം ചെയ്യണമെന്നും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രത്യേക സിറ്റിങില്‍ കോടതി ആവശ്യപ്പെട്ടു.
മൂന്ന് മണിക്ക് മുമ്പ് ബാനറുകള്‍ നീക്കം ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ചാണ് ബാനര്‍ പതിച്ചത്. പ്രക്ഷോഭകര്‍ കുറ്റക്കാരാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യരുതെന്നും കോടതി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചെന്നും ഇതിന് നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണെന്നും കാണിച്ചാണ് യുപി സര്‍ക്കാര്‍ ബാനറുകള്‍ സ്ഥാപിച്ചത്. ലഖ്നൗ ഭരണകൂടത്തിന്റേതായിരുന്നു നടപടി. 60 പ്രതിഷേധക്കാരുടെ പേരും ചിത്രവും വിവരങ്ങളും ഉള്‍പ്പെടുത്തിയ ബാനറുകള്‍ ലഖ്നൗ നഗരത്തിലുടനീളം സ്ഥാപിച്ചിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ബാനറിലുള്ളവര്‍ കുറ്റാരോപിതരാണെന്നും അവര്‍ അതിന് ബാധ്യസ്ഥരാണെന്ന് വ്യക്തവുമാണെങ്കില്‍ ഓരോരുത്തര്‍ക്കും നോട്ടീസ് അയക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
പൊതുപ്രവര്‍ത്തകര്‍ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, പൊതുപ്രവര്‍ത്തകനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ്.ആര്.ദാരാപുരിയടക്കമുള്ളവരും ബാനറുകളിലുണ്ടായിരുന്നു. ബാനറുകള്‍ നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്കിയ ശേഷം ഹര്‍ജിയില്‍ മൂന്ന് മണിക്ക് വീണ്ടും വാദം കേള്‍ക്കും.