അമ്മായിയമ്മ മരുമകളെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല; ഹൈകോടതി


അമ്മായിയമ്മ മരുമകളെകൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. ഭര്‍തൃ മാതാവ് വീട്ടിലെ ജോലികള്‍ മരുമകളെ കൊണ്ട് ചെയ്യിക്കുന്നതിലും മുതിര്‍ന്നവര്‍ വയസില്‍ താഴ്ന്നവരെ ശകാരിക്കുന്നതിലും അസാധാരണമായി ഒന്നുമില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കണ്ണൂര്‍ സ്വദേശിയുടെ വിവാഹ മോചന ഹരജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

2003ലാണ് ഹരജിക്കാരന്‍ വിവാഹിതനായത്. അമ്മയും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കടിച്ചിരുന്നുവെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ വീട് മാറി താമസിക്കണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം. 2011ല്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഹരജിക്കാരന്‍ കുടുംബ കോടതിയില്‍ വിവാഹ മോചന ഹരജി നല്‍കിയെങ്കിലും കോടതി ഹരജി തള്ളി. പിന്നീടാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുമ്പോള്‍ പോലും വീട്ടുജോലികള്‍ ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ഭര്‍തൃമാതാവിനൊപ്പം താമസിക്കില്ലെന്നുമാണ് ഭാര്യ കോടതിയെ അറിയിച്ചത്. വീട്ടില്‍ വഴക്കായതിനാല്‍ വേറെ മാറി താമസിക്കണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാമെങ്കിലും ഹരജിക്കാരന്‍ ഇക്കാര്യത്തില്‍ നിസഹായനാണെന്ന് കോടതി ചൂണ്ടികാട്ടി. തുടര്‍ന്നാണ് വിവാഹ മോചനം അനുവദിക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

SHARE