സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കി. രണ്ടു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയില്‍ വരുമെന്നും പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്.

സര്‍ക്കാരിന്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരേ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, സാലറി കട്ടല്ല താല്‍ക്കാലികമായ മാറ്റിവെക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി സാമ്പത്തിക പ്രതിസന്ധി ശമ്പളം നീട്ടിവെക്കാനുള്ള ന്യായീകരണമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

SHARE