കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിസമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കോളജുകളില്‍ ഘരാവോ, പഠിപ്പുമുടക്ക്, ധര്‍ണ, മാര്‍ച്ച് തുടങ്ങിയവ പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്. സ്‌കൂളുകളിലും കോളജുകളിലും രാഷ്ട്രീയം നിരോധിച്ച് നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടും നടപ്പാക്കുന്നില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് കലാലയ രാഷ്ട്രീയത്തിനെതിരെ എത്തിയ 15 ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ഇന്ന് തീര്‍പ്പു കല്‍പിച്ചത്.

കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങള്‍ ഒരു കാരണവശാലും പാടില്ലെന്നും കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയത്തിനല്ല, കലാലയങ്ങളിലെ സമരങ്ങള്‍ക്കും പഠിപ്പു മുടക്കിനുമാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും കോടതി വിധി ബാധകമാകും. കോളജുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ത്ഥികളുടെ പഠനത്തിനാണെന്നും അതുകൊണ്ടു തന്നെ കോളജുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ എന്തു സമരങ്ങള്‍ ഉണ്ടായാലും മാനേജ്‌മെന്റുകള്‍ക്ക് പൊലീസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പു വരുത്താവുന്നതാണെന്നും കോടതി വിധിയില്‍ പറയുന്നു.

SHARE