സോളാറില്‍ വീണ്ടും സര്‍ക്കാറിന് പ്രഹരം; മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: സോളര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണയ്ക്കുമുന്‍പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ വിചാരണയ്ക്കുമുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു.

തനിക്കെതിരെ വന്ന പരാമര്‍ശം റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടയില്ലെന്ന് കോടതി വ്യക്തമാക്കി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അനുചിതമായെന്ന് വിലയിരുത്തിയ കോടതി, വ്യക്തിയെന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പാടില്ല. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുമുണ്ടെന്നും കോടതി പറഞ്ഞു.