ചാണ്ടിയെ അയോഗ്യനാക്കണം, മന്ത്രിക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാറിന്റെ ഭാഗമായ ജില്ലാ കലക്ടര്‍ നല്‍കിയ ഹര്‍ജി എങ്ങനെ മന്ത്രിക്ക് ചോദ്യം ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. ഭൂമികയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാറിന് കൂട്ട ഉത്തരവാദിത്തം നഷ്ടമായെന്നും കോടതി വിമര്‍ശിച്ചു. ചാണ്ടിയെ അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യമെന്ന് കോടതി പറഞ്ഞു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാവില്ല. മുഖ്യമന്ത്രിയെ മന്ത്രി തോമസ് ചാണ്ടിക്ക് വിശ്വാസമില്ലെന്നതിന്റെ തെളിവാണ് ഹര്‍ജിയെന്നും ഹൈക്കോടതി വ്യക്തമാക്കി.