ഹര്‍ത്താല്‍: നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിയാനാവില്ല

കൊച്ചി: ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉണ്ടാകുന്ന അക്രമസംഭവങ്ങളുടെ നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പൗരന്റെ ജീവന് സംരക്ഷണം നല്‍കല്‍ സര്‍ക്കാറിന്റെ പ്രാഥമിക ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു.

2005 ജൂലൈ അഞ്ചിന് ഇടതു മുന്നണി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനിടെ കല്ലേറില്‍ കാഴ്ച നഷ്ടമായ ലോറി ഡ്രൈവര്‍ കളമശ്ശേരി സ്വദേശി ചന്ദ്രബോസിന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ശരിവെച്ചുകൊണ്ടാണ് ഉത്തരവ്.

നഷ്ടപരിഹാരത്തുകയും 75 ശതമാനം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി, ഇടതു മുന്നണി കണ്‍വീനര്‍ എന്നിവരില്‍ നിന്നും ബാക്കി 25 ശതമാനം സര്‍ക്കാറില്‍ നിന്നും ഈടാക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്ത് സര്‍ക്കാറിനു വേണ്ടി ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും അപ്പീല്‍ നല്‍കുകയായിരുന്നു.

ജനറേറ്ററുകള്‍ കയറ്റിയ മിനി ലോറിയുമായി കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ കൊയിലാണ്ടിക്കടുത്ത് തിരുവങ്ങൂരിലാണ് ചന്ദ്രബോസിനു നേരെ കല്ലേറുണ്ടായത്. പരിക്കേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ ചന്ദ്രബോസ് കോടതിയെ സമീപിക്കുകയായിരുന്നു.

2016ല്‍ ചന്ദ്രബോസിന് അനുകൂലമായി സിംഗിള്‍ ബെഞ്ച് വിധിയെഴുതിയതോടെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
നേരത്തെ നിരോധിച്ച ബന്ദ് രൂപം മാറിയാണ് ഹര്‍ത്താലായതെന്നും സംസ്ഥാനത്തിന്റെ ഏതെങ്കിലുമൊരു കോണിലുണ്ടായ സംഭവത്തെ ഊതി വീര്‍പ്പിച്ച് സംസ്ഥാനത്തുടനീളം അതിക്രമങ്ങള്‍ അഴിച്ചുവിടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നടപടി ന്യായീകരിക്കാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.