സോഷ്യല്‍ മീഡിയയിലെ അശ്ലീലത്തിന് അശ്ലീലം കൊണ്ടുതന്നെ മറുപടി പറയുന്ന രീതി അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തണം; സര്‍ക്കാരിനോട് ഹൈകോടതി


കൊച്ചി: സോഷ്യല്‍ മീഡയയില്‍ അപകീര്‍ത്തികരമോ അശ്ലീലമോ ആയ പോസ്റ്റ് ഇട്ടാല്‍ പൊലീസിനെ സമീപിക്കാതെ തിരിച്ചും അതേ രീതിയില്‍ പ്രതികരിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെതാണ് നിര്‍ദേശം.

ഒരാള്‍ അപകീര്‍ത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാല്‍ അതിനെതിരേ പൊലീസിനെ സമീപിക്കാതെ അതേരീതിയില്‍ പ്രതികരിക്കുന്നതാണ് സാമൂഹികമാധ്യമങ്ങളിലെ രീതി. നിയമവാഴ്ചയാണ് ഇതിലൂടെ തകരുന്നതെന്നത് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിര്‍ദേശം.

സാമൂഹികമാധ്യമത്തില്‍ അശ്ലീലമായ അഭിപ്രായപ്രകടനം നടത്തിയതിന് പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പത്തനംതിട്ട സ്വദേശിനിയായ ശ്രീജ പ്രസാദിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഈ നിര്‍ദ്ദേശം മുന്നോച്ച് വെച്ചത്.

നിലവിലെ നിയമത്തിനുള്ളില്‍നിന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാകുമെന്നും ഇക്കാര്യത്തില്‍ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും അയച്ചുകൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.