ബുദ്ധിമുട്ടുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന കെ.എം.സി.സിയുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരുകളോട് വിശദീകരണം തേടി

തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ ഹരജിയില്‍ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലെത്തിയാല്‍ അത് കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രവാസികളെ കൊണ്ടുവന്നാല്‍ അവരെ താമസിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തത വേണം. കോവിഡ് പ്രതിരോധത്തില്‍ കേരളം മുന്നിലാണെന്ന കാര്യം അംഗീകരിച്ചാലും പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് കൂടി അറിയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

്അതേസമയം, വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികള്‍ നിലവില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അവര്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്സ് ഫ്ളൈറ്റ്സ് തയ്യാറാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

പ്രവാസികളുടെ കണക്കറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഗള്‍ഫില്‍ എത്ര പേര്‍ കുടുങ്ങി കിടക്കുന്നു എന്നറിയാന്‍ ഇത് ആവശ്യമാണ്. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. നോഡല്‍ ഓഫീസറെ നിയമിച്ചെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചു.