വാര്‍ത്താവിലക്ക് ഭരണഘടനാവിരുദ്ധം; ഇടത് എം.എല്‍.എയുടെ മകനെതിരായ വാര്‍ത്താ വിലക്കിന് സ്‌റ്റേ

കൊച്ചി: ചവറ എം.എല്‍.എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്താവിലക്കിന് ഹൈക്കോടതി സ്‌റ്റേ. നടപടി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ശ്രീജിത്തിനും രാഹുല്‍കൃഷ്ണയ്ക്കും നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

കരുനാഗപ്പളളി സബ് കോടതിയാണ് വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇത്തരമുളള വിലക്കുകള്‍ നിലനില്‍ക്കുന്നില്ലെന്നും ഇത് ഭരണഘടന ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്തകള്‍ നല്‍കുന്നതാണ് വിലക്കിയിരുന്നത്. ഇതിനെതിരെ രാഹുല്‍ കൃഷ്ണ കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണ് കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്ലബ്ബിനുമുമ്പില്‍ പതിക്കുകയും ചെയ്തിരുന്നു.