ഷാജിയുടെ അയോഗ്യത: ലഘുലേഖകള്‍ സി.പി.എം നേതാവ് ഹാജരാക്കിയതാണെന്ന് വാദം

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ ഇടയായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഖ പോലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം നേതാവ് ഹാജരാക്കിയതാണെന്നും തെളിയുന്നു. ഇത് സംബന്ധിച്ച് വളപട്ടണം എസ്.ഐ.ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

വളപട്ടണം പൊലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ രേഖ യു.ഡി.എഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്.ഐയുടെ മൊഴി. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു എം.എല്‍.എയുടെ യോഗ്യത ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.

തുടര്‍ന്ന് കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധി നടപ്പാക്കല്‍ ഇതേ ബെഞ്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയില്‍ അപ്പീലിന് അവസരം നല്‍കാനാണിത്. എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം.വി.നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി വന്നത്.

SHARE