വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ് ?;സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : സ്പ്രിംഗഌ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോവിഡ് പകര്‍ച്ചവ്യാധി മാറുമ്പോള്‍ ഡാറ്റാ പകര്‍ച്ചവ്യാധി സംഭവിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. സ്പ്രിംഗഌ കരാറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗം ഉണ്ടല്ലോ. പിന്നെ എന്തിനാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആശാവര്‍ക്കര്‍മാര്‍ ശേഖരിക്കുന്ന, നിങ്ങള്‍ക്ക് എന്തെല്ലാം രോഗങ്ങളുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കുമ്പോള്‍, ഈ ഡാറ്റ മരുന്ന് കമ്പനികള്‍ക്ക് പോകുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ വാദത്തില്‍ കാര്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അപ്പോള്‍ ചികില്‍സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് കോടതി ചോദിച്ചു.

വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാനുള്ള സംവിധാനം പോലും സര്‍ക്കാരിന് ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ടാണ് അമേരിക്കന്‍ കോടതിയുടെ നിയമപരിധി തെരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് ഇമെയില്‍ അയക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അഭിഭാഷകനായ ബാലു ഗോപാലാണ് സ്പ്രിംഗഌ കരാറിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. സ്പ്രിംഗഌര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

SHARE