രാജ്യത്തെ നിയമം കര്‍ദിനാളിന് ബാധകനല്ലേയെന്ന് ഹൈക്കോടതി

 

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമേ പോപ്പിന് അധികാരമുള്ളുവെന്ന് ഹൈക്കോടതി. സ്വത്ത് വില്‍പ്പന പോലെ സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ പോപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദത്തോട് യോജിപ്പില്ലെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ വാക്കാല്‍ അഭിപ്രായപ്പെട്ടു.
സഭയുടെ ഭൂമി വില്‍പ്പന സംബന്ധിച്ച കേസില്‍ മാര്‍ ആലഞ്ചേരിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അതിരൂപത ഒരു ട്രസ്റ്റാണെന്ന വാദത്തോട് കോടതി സംശയം പ്രകടിപ്പിച്ചു. ബിഷപ്പ് ഒരു ട്രസ്റ്റി മാത്രമാണെന്നും അതിരൂപതയുടെ സ്വത്ത് കൈവശം സൂക്ഷിക്കുന്ന ആള്‍ മാത്രമാണെന്നും സ്വത്ത് കൈമാറിയതില്‍ പരാതിയുണ്ടെങ്കില്‍ വിശ്വാസ വഞ്ചന നിലനില്‍ക്കുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. സഭയുടെ സ്വത്ത് വില്‍ക്കാന്‍ ”ക്യൂരിയ” കച്ചേരിയുടെ അനുമതി വേണമെന്ന് ബൈലോയില്‍ വ്യക്തമാക്കുന്നതായി ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. സ്വത്ത് വില്‍പ്പനക്ക് ആര്‍ച്ച് ബിഷപ്പ് രണ്ട് കമ്മിറ്റിയുടെ അംഗീകാരം നേടിയിട്ടുണ്ടെന്നും ബിഷപ്പാണ് സ്വത്തിന്റെ അധികാരിയെങ്കില്‍ കമറ്റിയുടെ അംഗീകാരം വാങ്ങിയെന്നും കോടതി ചോദിച്ചു. സ്വത്ത് വില്‍പ്പന സഭയുടെ ആഭ്യന്തര കാര്യമാണെന്നും കേസെടുക്കാനാവില്ലെന്നും മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. കാനോനിക നിയമപ്രകാരമാണ് സഭ ഭരിക്കപ്പെടുന്നതെന്നും ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമല്ലെന്നും ബോധിപ്പിച്ചു. സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ ലംഘനമുണ്ടായാല്‍ പോലും ക്രിമിനല്‍ കേസ് എടുക്കാനാവില്ല. സഭയുടെ സ്വത്തിന്റെ മേലധികാരി മാര്‍പാപ്പയാണെന്നും നടപടി സ്വീകരിക്കാന്‍ മാര്‍പാപ്പക്ക് മാത്രമേ അധികാരമുള്ളു എന്നും മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
സ്വത്ത് സഭാംഗങ്ങളുടെതാണെന്നും സിവില്‍ കാര്യങ്ങളില്‍ കാനോനിക നിയമം ഇന്ത്യയില്‍ ബാധകമല്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയതായും ഹര്‍ജിഭാഗം വാദിച്ചു.

SHARE