കുഞ്ഞനന്തന്‍ രോഗിയാണെങ്കില്‍ പരോളല്ല ചികിത്സയാണ് നല്‍കേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി: ടി.പി വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് അനധികൃതമായി പരോള്‍ അനുവദിച്ചസര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കെ.കെ രമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്.

കുഞ്ഞനന്തന്‍ രോഗിയായതിനാലാണ് പരോള്‍ അനുവദിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ രോഗിയാണെങ്കില്‍ മതിയായ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും പരോള്‍ അനുവദിക്കുകയല്ല ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാര്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.

ചികിത്സയുടെ പേരില്‍ പരോളിലിറങ്ങുന്ന കുഞ്ഞനന്തന്‍ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്ന് കെ.കെ രമ ഹര്‍ജിയില്‍ ആരോപിച്ചു. കുഞ്ഞനന്തന്റെ പരോള്‍ റദ്ദാക്കണമെന്നും ഇനി ഹൈക്കോടതി ഉത്തരവില്ലാതെ പരോള്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

SHARE