മുത്തൂറ്റില്‍ ജോലിക്കെത്തുന്ന ജീവനക്കര്‍ക്ക് സംരക്ഷണം ഒരുക്കണം: ഹൈക്കോടതി

കൊച്ചി: മുത്തൂറ്റ് ശാഖയില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ജീവനക്കാരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ ജീവനക്കാര്‍ക്ക് അവശ്യമായ സംരക്ഷണം ഒരുക്കാന്‍ പൊലീസിനോടും സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മുത്തൂറ്റിലെ സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം, സി.ഐ.ടി.യു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകള്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ പൂട്ടേണ്ടിവരുമെന്നു മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ഇവ ഘട്ടം ഘട്ടമായി പൂട്ടുമെന്ന് ബാനര്‍ജി റോഡിലെ ഹെഡ് ഓഫിസ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉപരോധിച്ച പശ്ചാത്തലത്തില്‍ അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി.

SHARE