എല്ലാ വിവാഹങ്ങളും ലൗജിഹാദല്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

കൊച്ചി: എല്ലാ വിവാഹങ്ങളും ലൗജിഹാദും ഘര്‍വാപ്പസിയും അല്ലെന്ന് ഹൈക്കോടതി. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ സ്വദേശിനി ശ്രുതിയുടെ വിവാഹം ലൗ ജിഹാദ് അല്ലെന്നും കോടതി വ്യക്തമാക്കി. ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

മിശ്ര വിവാഹങ്ങളെ നിയമവിരുദ്ധമായി വ്യാഖ്യാനിക്കാനാവില്ല. എല്ലാ പ്രണയ വിവാഹങ്ങളേയും ലൗജിഹാദായും ഘര്‍വാപ്പസിയായും പ്രചരിപ്പിക്കരുത്. മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. ശ്രുതിയും അനീസും പ്രായപൂര്‍ത്തിയായവരാണ്. സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം നിയമപരമായി നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ബിരുദ പഠനത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. വിവാഹത്തിനു മുമ്പ് ശ്രുതി മതപരിവര്‍ത്തനം നടത്തിയിരുന്നു. വിവാഹത്തിനുശേഷം ഇരുവരും ഹരിയാനയില്‍ താമസിക്കുന്നതിനിടെയാണ് പോലീസ് ശ്രുതിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.