ഇറാഖ് വീണ്ടും കൂട്ടക്കുരുതിയിലേക്ക്

ബഗ്ദാദ്: ഇറാഖ് വീണ്ടും രക്തച്ചൊരിച്ചിലിലേക്ക്. എണ്ണ സമ്പന്നമായ കിര്‍കുക്കിലേക്ക് ഇറാഖി സേന ആക്രമണത്തിന് തയാറെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ കുര്‍ദിഷ് മേഖല സര്‍ക്കാര്‍ ആയിരത്തിലധികം വരുന്ന കുര്‍ദ് സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കിര്‍കുക് ആയിരത്തിലധികം വരുന്ന സായുധരായ കുര്‍ദിഷ് സൈനികരുടെ നിയന്ത്രണത്തിലാണെന്ന് കുര്‍ദിഷ് മേഖല പ്രസിഡന്‍ഖ് മസ്ഊദ് ബര്‍സാനി പറഞ്ഞു. ഏതു സാഹചര്യത്തിലും പ്രതിരോധിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കിര്‍കുകില്‍ മാത്രം 6,000 കുര്‍ദിഷ് സൈനികരെ വിന്യസിച്ചതായി വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിര്‍കുകിലെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറാഖി സേന നീക്കം ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് കുര്‍ദുകള്‍ പ്രതിരോധ നീക്കം ആരംഭിച്ചത്.

ഇറാനില്‍ നിന്നും പരിശീലനം ലഭിച്ച ഷിയ അനുകൂലികളായ ഇറാഖി പാരാസൈനിക വിഭാഗമാണ് തെക്കന്‍ കിര്‍കുക് ലക്ഷ്യമാക്കി സൈനിക നീക്കം ആരംഭിച്ചതെന്നാണ് കരുതുന്നത്. കുര്‍ദുകള്‍ക്ക് വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശം കൂടിയായതിനാല്‍ കിര്‍കുക് നിലനിര്‍ത്താന്‍ ഏതറ്റംവരെ പോകാനും കുര്‍ദ് സൈന്യം തയാറാകുമെന്നാണ് വിലയിരുത്തുന്നത്.
2014ല്‍ ഐ.എസില്‍ നിന്നും കിര്‍കുക് തിരിച്ചു പിടിച്ചതിന് ശേഷം കുര്‍ദുകളുടെ സ്വയം ഭരണ മേഖലയായാണ് പ്രദേശത്തെ കണക്കാക്കുന്നത്. കിര്‍കുക് ഉള്‍പ്പെടെ കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ക്ക് സ്വയം ഭരണാവകാശം നല്‍കുന്നതിനെ വര്‍ഷങ്ങളായി ഇറാഖ് അംഗീകരിക്കുന്നില്ല.

SHARE