മുന്നറിയിപ്പ് അവഗണിച്ചു; ചൈന ഭൂമി കയ്യേറുമ്പോള്‍ കേന്ദ്രം എന്തു ചെയ്യുകയായിരുന്നെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഇന്ത്യയ്ക്കായി ജീവന്‍ നല്‍കിയ പട്ടാളക്കാരെ ബിഹാറില്‍ ബിജെപി വോട്ട് ബാങ്കിനായി കാണുന്നത് ലജ്ജാകരമാണെന്ന് തരൂര്‍ തുറന്നിടിച്ചു. ബീഹാറില്‍ ഗരിബ് കല്യാണ്‍റോസ്ഗാര്‍ അഭിയാന്‍ പദ്ധതി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യവെ നടത്തിയ പ്രസ്താവനെ കാണിച്ചാണ് തരൂര്‍ പ്രതികരിച്ചത്.

ഇന്ത്യയ്ക്കായി ജീവന്‍ നല്‍കിയ ഇന്ത്യക്കാരായിരുന്നു അവര്‍. അവരെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ബാങ്കിനായി വരുന്ന തെരഞ്ഞെടുപ്പുകളിൽ അവരെ ബിഹാറികളായി കാണുന്നത് ലജ്ജാകരമാണ്, തരൂര്‍ ട്വീറ്റ് ചെയ്തു.

ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് ശശി തരൂര്‍ ചോദിച്ചു. ചൈനയെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച പാര്‍ലമെറ്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രം അവഗണിച്ചെന്നും തരൂര്‍ പറഞ്ഞു.

2017ല്‍ ദോക്ലാമില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിര്‍ത്തി ലംഘിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ശശി തരൂര്‍ എംപിയുടെ വിമര്‍ശനം.

ചൈന അവര്‍ക്ക് വേണ്ട സമയത്ത് അതിര്‍ത്തിത്തര്‍ക്കം ഇന്ത്യക്കെതിരെ ആയുധമാക്കാന്‍ ഇടയുണ്ടെന്നും അതിനെ ചെറുക്കാന്‍ രാജ്യം സജ്ജരായിരിക്കണം എന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തരൂര്‍ അധ്യക്ഷനായ സമിതി ഇന്ത്യ -ചൈന അതിര്‍ത്തികള്‍ സന്ദര്‍ശിച്ച് 2018 സെപ്റ്റംബറിലാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി അതിര്‍ത്തിയില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് സര്‍ക്കാര്‍ കാണാതിരുന്നത് എന്തുകൊണ്ടാണെന്നും തരൂര്‍ ചോദിച്ചു

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ അസ്വാഭാവികത ഇല്ല എന്നാണ് ഇന്നത്തെ വിദേശകാര്യമന്ത്രിയും അന്ന് വിദേശകാര്യ സെക്രട്ടറിയുമായിരുന്ന എസ്. ജയശങ്കര്‍ സമിതിയെ അറിയിച്ചത്. നയതന്ത്ര ചര്‍ച്ചകളിലൂടെ ചൈനയുമായി അതിര്‍ത്തി കരാര്‍ ഉണ്ടാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന മാര്‍ഗനിര്‍ദേശവും സമിതി നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അതിര്‍ത്തിയില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് സര്‍ക്കാര്‍ കാണാതിരുന്നത് എന്തുകൊണ്ടാണെന്നും തരൂര്‍ ചോദിച്ചു.