ഐക്യം നശിപ്പിക്കുന്നവരെ വച്ചേക്കില്ല; ബി.ജെ.പിക്കെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

റാഞ്ചി: സാമുദായിക ഐക്യത്തെ ബാധിക്കുന്ന പ്രസംഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടെന്നും അങ്ങനെ ചെയ്യുന്നവരെ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ അംഗീകരിക്കില്ലെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.

വിദ്വേഷം പടര്‍ത്തി ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നതായും പ്രകോപനപരമായ പ്രസംഗം നടത്തി അശാന്തി സൃഷ്ടിക്കുന്ന എല്ലാ ശ്രമങ്ങളെയും ഗൂഢാലോചനയെയും സര്‍ക്കാര്‍ തടയുമെന്നും ജെ.എം.എം പാര്‍ട്ടി നേതാവ് കൂടിയായ ഹേമന്ത് സോറന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ നിയമ നടപടിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ അന്വേഷണം നടക്കുന്നതായും, കോണ്‍ഗ്രസ് പിന്തുണയില്‍ സംസ്ഥാനം ഭരണം നടത്തുന്ന സോറന്‍ പറഞ്ഞു.

അതേസമയം, മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ ഹേമന്ത് സോറന്‍ തുറന്നടിച്ചു. സര്‍ക്കാറിനെ അട്ടിമറിക്കുന്ന നിരവധി സംഭവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ എല്ലാറ്റിനും പിന്നില്‍ പ്രധാന റോളില്‍ ബിജെപിയെ മാത്രമേ കാണാന്‍ കഴിയൂ എന്നും സോറന്‍ വിമര്‍ശിച്ചു.

ബിജെപി രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് നന്നായി അറിയാമെന്നും ഇത്തരം രീതി ജാര്‍ഖണ്ഡില്‍ പരീക്ഷിക്കാന്‍ നോക്കിയാല്‍ മറ്റൊരു രംഗം കാണാമെന്നും സോറന്‍ ബിജെപിയെ താക്കീത് ചെയ്തു. സംസ്ഥാനത്തെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പൂര്‍ണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മധ്യപദേശില്‍ കമല്‍ നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടു ബിജെപിയുമായി കൂട്ടുകൂടിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ പിന്തുണയിലുള്ള സഖ്യ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവാണ് ഹേമന്ത് സോറന്‍. കോണ്‍ഗ്രസും ആര്‍ജെഡിയും ജെഎംഎമ്മും ചേര്‍ന്ന സംഖ്യ സര്‍ക്കാറാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.