‘ഇത് പുതിയ അധ്യായം’; രാഹുലിനും ലാലുവിനും നന്ദിയറിയിച്ച് ഹേമന്ദ് സോറന്‍

റാഞ്ചി: ചരിത്രനിയോഗം ഒരിക്കല്‍കൂടി തേടിയെത്തിയിരിക്കുന്നു ഹേമന്ദ് സോറനെ. ഇനി ജൂനിയന്‍ സോറന്റെ യുഗമാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലും ഭരണത്തിലും. പിതാവും മൂന്നുതവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ നിഴലിലായിരുന്നു ഹേമന്ദ് സോറന്‍ അടുത്ത കാലം വരേയും. എന്നാല്‍ ഇന്ന് അങ്ങനെയെല്ല. സ്വന്തമായ അസ്ഥിത്വമുള്ള നേതാവും രാഷ്ട്രീയക്കാരനുമെല്ലമായി ഹേമന്ദ് മാറിക്കഴിഞ്ഞു.
2013ലാണ് ഹേമന്ദ് സോറന്‍ ആദ്യമായി ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 38ാം വയസ്സില്‍. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന ഖ്യാതിയാണ് അന്ന് സോറനെ കാത്തിരുന്നത്. പക്ഷേ സര്‍ക്കാറിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
അര്‍ജുണ്‍ മുണ്ടെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ പാതിവഴിയില്‍ വീഴ്ത്തിയാണ് ഹേമന്ദ് അധികാരത്തിലെത്തിയത്. പക്ഷേ 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. രഘുബര്‍ദാസിനെ നേതാവാക്കി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

പക്ഷേ 17 മാസം മാത്രം നീണ്ടുനിന്ന ഹേമന്ത് സോറന്റെ ഭരണകാലം ജാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ പ്രത്യേകം അടയാളപ്പെട്ടു കിടക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയും നക്‌സല്‍ ഭീഷണികളെ ഒരുപരിധിവരെ മറികടന്നും ഹേമന്ദ് പുതിയ വഴിവെട്ടുകയായിരുന്നു. സായുധ ബലം കൊണ്ട് മാത്രം നക്‌സലുകളെ നേരിടുന്ന പതിവു രീതിയെയാണ് ഹേമന്ദ് ആദ്യം പിഴുതെറിഞ്ഞത്. സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ നക്‌സല്‍ ഭീഷണിയുള്ള ഉള്‍നാടുകളിലേക്ക് വികസനത്തിന്റെ വെളിച്ചമെത്തിച്ചു.


സാരന്ദയും വെസ്റ്റ് സിങ്ഭൂമും അങ്ങനെ കുറേയൊക്കെ ശാന്തമായി. ഖനി മേഖലകളില്‍നിന്നുള്ള സര്‍ക്കാറിനു ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത വിഹിതം നക്‌സല്‍ ഭീഷണി നേരിടുന്ന ഗോത്ര മേഖലകളുടെ വികസനത്തിനു തന്നെ നീക്കിവെക്കണമെന്ന ഹേമന്ദിന്റെ സാമ്പത്തിക ശാസ്ത്രമായിരുന്നു ഈ വിജയത്തിനു പിന്നില്‍. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ഭരണം ഒരിക്കല്‍കൂടി ഹേമന്ദിനെ ഏല്‍പ്പിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ജാര്‍ഖണ്ഡ് ജനത.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി ജെ.എം.എം നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ പറഞ്ഞു. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു ഇത്. ജാര്‍ഖണ്ഡിലെ ജനങ്ങള്‍ കൂടെ നിന്നു. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അവര്‍ക്ക് അവകാശപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാണ് ഇവിടെ തുടങ്ങുന്നത്. പ്രതീക്ഷകള്‍ നിറവേറ്റാനുള്ള സമയവും- എല്ലാവരുടേയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ലാലു പ്രസാദ് യാദവ്, പ്രിയങ്കഗാന്ധി എന്നിവരോട് പ്രത്യേകം കടപ്പാട് അറിയിക്കുന്നു – ഹേമന്ദ് സോറന്‍ പറഞ്ഞു.

ദേശീയ പാര്‍ട്ടിയായെന്ന് തെരഞ്ഞെടുപ്പില്‍ നേതൃത്വം വഹിക്കാന്‍ കോണ്‍ഗ്രസിനെ അനുവദിച്ചുകൊണ്ടായിരുന്നു സോറന്റെ പ്രവര്‍ത്തനം. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വ്ന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ സീറ്റികള്‍ സീറ്റ് പങ്കിടുന്നതിലും സോറന്‍ മാന്യത ഉറപ്പുവരുത്തിയിരുന്നു.
പരമ്പരാഗത രീതിയില്‍ എളിയ ജീവിതം നയിക്കുന്ന ഹേമന്ദ് സോറയുടെ ചിത്രങ്ങള്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജാര്‍ഖണ്ഡിന്റെ തനത് സംസ്‌കാരവും പാരമ്പര്യവുമായിരുന്നു സോറന്റെ പ്രധാന പ്രചാരണായുധം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന സമയം ജെഎംഎം ഒറ്റ കക്ഷിയായി മുന്നിലെത്തുമ്പോള്‍ റാഞ്ചിയിലെ വസതിയില്‍ സോറന്‍ സൈക്കിള്‍ ചവിട്ടുകയായിരുന്നു. ഹേമന്ദ് സോറന്‍ ഭാര്യക്കും സഹോദരിക്കും ഒപ്പം വീട്ടിലെ അടുക്കളയില്‍ നില്‍ക്കുന്ന ചിത്രത്തിന് വന്‍ പ്രചാരം ലഭിച്ചിരുന്നു.