പെരിന്തല്‍മണ്ണ: തമിഴ്ചുവയുള്ള മലയാളത്തില്‍ പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് പി.ആര്.ഒ ഷാജിയോട്, ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും കെ.എസ്.ആര്.ടി.സി ബസ്സില്‍ വച്ച് തന്റെ പഴ്സ് നഷ്ടപ്പെട്ടെന്നും യുവതി അറിയിച്ചു. ടെക്സ്റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരി എന്നാണ് പരിചയപ്പെടുത്തിയത്.
കോവിഡ് പ്രൊട്ടോകോള്‍ പ്രകാരമുള്ള ആതിഥ്യ മര്യാദ നല്കി പരാതി എഴുതി നല്കാന് പൊലീസ് ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിനു പിന്നാലെ കെ.എസ്.ആര്.ടി.സി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തി. പരാതിക്ക് രസീതി വേണ്ടെന്നു പറഞ്ഞെങ്കിലും രസീത് കൈപ്പറ്റണമെന്ന് പി.ആര്.ഒ ആശ്യപ്പെട്ടു.
പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ‘കളി’ മാറിയത്. താന്‍ പുതുതായി ചുമതലയേറ്റെടുത്ത എ.എസ്.പിയാണെന്ന് പരാതിക്കാരി പറഞ്ഞതോടെ പൊലീസുകാര്‍ അന്തം വിട്ടു. കൂടെ വീഴ്ചകളൊന്നും വരുത്തിയിട്ടില്ലെന്ന ആശ്വാസവും.
എ.എസ്.പിയായി ചുമതലയേറ്റ ഹേമതല ഐ.പി.എസാണ് സ്റ്റേഷനില്‍ വേഷം മാറി പരിശോധനയ്ക്കെത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നു നോക്കാനാണ് വേഷം മാറി എത്തിയത് എന്ന് ഹേമതല പറഞ്ഞു.
പി.ആര്.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെ എ.എസ്.പി പ്രത്യേകം അഭിനന്ദിച്ചു. തമിഴ്നാട്ടുകാരിയായ തന്റെ ഭാഷാ പ്രശ്നം പരിഹരിക്കാന്‍ ലളിതമായ ഇംഗ്ലീഷിലും മലയാളത്തിലുമാണ് അദ്ദേഹം സംസാരിച്ചതെന്ന് അവര്‍ പറഞ്ഞു. സ്റ്റേഷനിലെ പൊലീസുകാരെ അഭിനന്ദനം അറിയിച്ച ശേഷമാണ് അവര്‍ തിരിച്ചു പോയത്.