മഴക്കെടുതി, ചികിത്സ കിട്ടാതെ ഒരാള്‍ മരണപ്പെട്ടു

 

കോതമംഗലം : കനത്ത മഴ ദുരിതം വിതച്ച പൂയംകുട്ടിയില്‍ ചികിത്സ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. പൂയംകുട്ടി വെള്ളാരംകുത്ത് പുത്തന്‍പുരക്കല്‍ ടോമി (55) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഇദ്ദേഹത്തിന്
നെഞ്ച് വേദന ഉണ്ടായിരുന്നു.എന്നാല്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് കനത്ത മഴയയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി പോയതിനാല്‍ ഇതുവഴി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്താന്‍ വൈകിയതാണ് മരണത്തിന് ഇടയാക്കിയത്. പിന്നീട് ഒരു സംഘം യുവാക്കള്‍ പുഴ നീന്തി കടന്ന് എത്തിയ ശേഷം ഇദ്ദേഹത്തെ വള്ളത്തില്‍ കയറ്റി പുഴയുടെ മറുകര എത്തിച്ച ശേഷമാണ് കോതമംഗലത്ത് ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ ടോമി മരണപ്പെടുകയായരുന്നു.
പൂയംകുട്ടി പുഴയ്ക്ക് കുറുകെ പാലം വേണമെന്ന ജനങ്ങളുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ ചികിത്സ കിട്ടാതെ രോഗികള്‍ മുന്‍പും മരണപ്പെട്ടിട്ടുണ്ട്.
ഇനിയും അധികൃതര്‍ കണ്ണ് തുറക്കുന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പക്കുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ.എല്‍ദോസ് മുന്നറിയിപ്പ് നല്‍കി.അതേ സമയം വൈകിട്ട്
ടോമിയുടെ മൃത ശരീരവും വള്ളത്തില്‍ കിടത്തിയാണ് വീടെത്തിച്ചത്.സംസ്‌കാരം വീട്ടുവളപ്പില്‍ ഇന്നലെ 5 മണിയോടെ നടത്തി.ഭാര്യ, ഓമന.മക്കള്‍ അജി, അനില.

SHARE