ചൊവ്വാഴ്ച വരെ കനത്തമഴ തുടരും; കാലവര്‍ഷം ശക്തമാക്കി മറ്റൊരു ന്യൂനമര്‍ദ്ദത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്‍പതാം തീയതിയോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുമെന്നും ഇതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്നുമാണ് മുന്നറിയിപ്പ്. കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ രണ്ട് ദിവസമായി തുടരുന്ന അതിശക്തമഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് വീണ്ടും കാലാവസ്ഥാ മുന്നറിയിപ്പ്.

വെള്ളിയാഴ്ച സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം വെള്ളിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് പുറത്തിറക്കിയിരിക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രം യെല്ലോ അലേര്‍ട്ടാണുള്ളത്.

നിലവില്‍ സംസ്ഥാനത്തെ 52 ദുരിതാശ്വസ ക്യാംപുകളിലായി 2261 പേര്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ മാത്രം 29 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. പ്രളയസാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങള്‍ കൂടി കേരളത്തിലെത്തിയിട്ടുണ്ട്. ഇവരെ പാലക്കാടും മലപ്പുറത്തുമാണ് നിയോഗിച്ചിട്ടുള്ളത്.

SHARE