സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രത


തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളില്‍ രണ്ട് ദിവസം കൂടി അതിശക്തമായ മഴയുണ്ടാകും. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് കൂടുതല്‍ പെയ്യാന്‍ സാദ്ധ്യതയുണ്ട്. നാളെ ഇടുക്കി, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് അറിയിച്ചു.

ഇടുക്കി, വയനാട് ജില്ലകളില്‍ 24 മണിക്കൂറില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത രണ്ട് ദിവസങ്ങളിലും ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. മറ്റുള്ള ജില്ലകളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമായിരിക്കും മഴ കുറവ് ലഭിക്കുക.

കാറ്റ് അതിശക്തമായി തുടരുകയാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പത്താം തീയതിക്ക് ശേഷം മഴ കുറയാന്‍ സാദ്ധ്യതയുണ്ട്. ഒമ്ബതാം തീയതി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നതോടെ മഴയുടെ ശക്തി പത്താം തീയതി വരെ തുടരാനുള്ള സാഹചര്യമുണ്ട്.

അതേസമയം സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടുകളില്‍ മാറ്റമുണ്ട്. പുതിയ നിര്‍ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

SHARE