നിലമ്പൂര്‍: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടു.
ഇടുക്കി പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയിലും ഉരുള്‍പൊട്ടി. പീരുമേട്ടില്‍ കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇതോടെ തൊട് കരകവിഞ്ഞു ഏലപ്പാറ ജങ്ഷനില്‍ വെള്ളപൊക്കമുണ്ടായി. നിരവധി വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയില്‍ ഉരുള്‍പൊട്ടലില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല. ഇനിയും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബഥേലില്‍ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ടായി. നെല്ലിയാമ്പതി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തി പുരോഗമിക്കുന്നു. നെല്ലിയാമ്പതിയില്‍ മഴ തുടരുകയാണ്.
കോഴിക്കോട് വിലങ്ങാട് മലയില്‍ വാനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി. പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ പഞ്ചായത്ത് ദുരന്തനിവാരണ സേന അറിയിച്ചു. വിലങ്ങാട് അടിച്ചിപ്പാറ- മഞച്ചീളി റോഡിലുള്‍പൊട്ടി കുടുംബങ്ങള്‍ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്. വയനാട് ജില്ലയിലെ വൈത്തിരിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചില്‍. നിലമ്പൂര്‍ ചാലിയാര്‍ പുഴയിലാണ് വീണ്ടും മലവെള്ളപാച്ചില്‍ ഉണ്ടായത്. പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. വയനാട് വൈത്തിരിയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു.