സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ; പ്രളയ സാധ്യത തള്ളി ദുരന്തനിവാരണ അതോറിറ്റി


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളി ദുരന്ത നിവാരണ അതോറിറ്റി. നാലാം തീയതിക്ക് ശേഷം കേരളത്തില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. അതിനാല്‍ ദുരന്തസാധ്യതാ മേഖലകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. തദ്ദേശ തലത്തില്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ നടപ്പാക്കിയതായും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തില്‍ വിവിധയിടങ്ങളില്‍ മഴ ശക്തമായതോടെ ആശങ്കയിലാണ് ജനങ്ങള്‍. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ ചില താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് പറഞ്ഞു.

അടുത്ത മാസം നാലാം തീയതി മുതല്‍ സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. ദുരന്തസാധ്യതാ മേഖലകളുടെ പട്ടിക തയാറാക്കിയതായും ഏത് പ്രതിസന്ധിയേയും നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE