സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.

വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. അണക്കെട്ടിന്റെ താഴ്‌വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.

ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറക്ക് മാറി താമസിക്കണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ല. എന്നാല്‍, മറ്റ് ചില സമുദ്ര പ്രദേശങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE