മഴക്ക് ശമനമായെങ്കിലും ദുരിതമൊഴിയാതെ വടക്കെ വയനാട്

 

മാനന്തവാടി: ജലപ്രളയം ഒഴിവായെങ്കിലും വടക്കേ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വൈള്ളത്തില്‍ തന്നെ. പല വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തോണിച്ചാലില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസമുണ്ടായി. 91 ക്യാമ്പുകളിലായി 3921 കുടുംബങ്ങളിലെ 14298 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. വെള്ളപൊക്കത്തിന് പുറമെ മണ്ണിടിച്ച് ഭീഷണിയും വടക്കെ വയനാടിനെ അസ്വസ്ഥമാക്കുകയാണ്. ഇക്കഴിഞ്ഞ എട്ടിന് തുടങ്ങിയ മഴക്ക് അല്പം ശമനമായത് ഇപ്പോള്‍ മാത്രം. കലിതുള്ളി പൊയ്ത തീരാ ദുരിതമാണ് വരുത്തിവെച്ചത്. കഴിഞ്ഞ കാലങ്ങളില്‍ ഒന്നോ രണ്ടോ ദിവസം മാത്രമായിരുന്നു വീടുകളില്‍ വെള്ളം കയറിയതെങ്കില്‍ ഇത്തവണ ഒരാഴ്ചയോളം വീടുകകളില്‍ വെള്ളം കയറി കിടന്നതിനാല്‍ ഒട്ടുമിക്ക വീടുകളും വാസയോഗ്യമല്ല. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ മാത്രമല്ല വീടകളില്‍ താമസിക്കുന്നവരും ദുരിതത്തില്‍ തന്നെ.
ആഴ്ചകളായി വീട്ടിലുള്ളവര്‍ പണിയും മറ്റും ഇല്ലാത്തതിനാല്‍ പല കുടുംബങ്ങളും ആവശ്യ സാധനങ്ങള്‍ക്കാന്‍ നെട്ടോട്ടമോടുകയാണ്. ശനിയാഴ്ച മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നിന്നും 900 പേര്‍ക്ക് പത്ത് കിലോ അരി നല്‍കിയിരുന്നു. കാസര്‍കോട് ജനമൈത്രി പോലീസ് എത്തിച്ച അരിയാണ് വിതരണം ചെയ്തത്. ഇതറിഞ്ഞ് ഞായറാഴ്ച രാവിലെ തന്നെ നൂറ് കണക്കിന് ആളുകളാണ് സ്റ്റേഷന്‍ പരിസരത്ത് എത്തിയത്. കാസര്‍കോട് നിന്ന് എത്തിച്ച അരി തീര്‍ന്നെങ്കിലും അരി ലഭിക്കുന്ന മുറക്ക് മറ്റ് കുടുംബങ്ങള്‍ക്കും അരി നല്‍കുമെന്ന് പൊലീസ് അറിയിച്ചു. തോണിച്ചാലില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നതിനാല്‍ ഇതു വഴി ഗതാഗത തടസവും നേരിടുകയാണ്. ശനിയാഴ്ച ഭൂമിക്ക് വിള്ളല്‍ ഉണ്ടായ പാലാക്കാവില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ്, ഡെപ്യൂട്ടി കലക്ടര്‍ ഇ.പി.മേഴ്‌സി എന്നിവരെത്തി പരിശോധന നടത്തി. തല്ക്കാലം മഴ ശമിക്കും വരെ ഇവിടെ നിന്നും മാറ്റി താമസിപ്പിച്ച കുടുംബങ്ങളോട് ക്യാമ്പില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം നല്‍കി.

SHARE