നീലഗിരിയിലും കനത്ത മഴ; വ്യാപക നാശനഷ്ടം

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ കനത്ത മഴ വ്യാപക നാശം. ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുകയാണ്. ഒരാഴ്ചയിലേറെയായി ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും അടിച്ച് വീശി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. പ്രധാന പാതകളില്‍ മരംവീണ് വാഹന ഗതാഗതം സ്തംഭിച്ചു. ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കുന്നൂര്‍, കോത്തഗിരി, കുന്താ താലൂക്കുകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. പാടന്തറ, ഒന്നാംമൈല്‍, രണ്ടാംമൈല്‍, വേടന്‍വയല്‍, ആനസത്തകൊല്ലി, പുത്തൂര്‍വയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. ചിലയിടങ്ങളില്‍ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. രാവും പകലും ഒരുപോലെ കനത്ത മഴയാണ് വര്‍ഷിക്കുന്നത്. എന്നാല്‍ ബുധനാഴ്ച പകല്‍ സമയത്ത് മഴക്ക് അല്‍പ്പം ശമനം ലഭിച്ചിരുന്നു. ഈ വര്‍ഷം ഇടവ വകുതി കഴിഞ്ഞപ്പോള്‍ തന്നെ മഴ പിടിച്ചിരുന്നു. ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാതയിലെ നൂല്‍പ്പുഴക്ക് സമീപത്തും നെല്ലാക്കോട്ടക്ക് സമീപത്തും ഫോര്‍ത്ത് മൈലിന് സമീപത്തും മരംമറിഞ്ഞ് വീണ് വാഹന ഗതാഗതം സ്തംഭിച്ചു. മരങ്ങള്‍ മുറിച്ച് മാറ്റിയതിന് ശേഷമാണ് ഈ റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചത്. അപകട ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്നും പുഴയോരങ്ങളിലും തോടോരങ്ങളിലും താമസിക്കുന്ന കുടുംബങ്ങളെ അധികാരികള്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പാതയോരങ്ങളില്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത് വലിയ ഭീഷണിയായിരിക്കുകയാണ്. ദേവാല വാഴവയല്‍ കൈലാസ് കോളനിയിലെ അമ്പഴകന്‍, കൊളപ്പള്ളി സ്വദേശികളായ ബേബി റാണി, മുത്തുലിംഗം എന്നിവരുടെ വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലായിട്ടുണ്ട്. വേടന്‍വയലില്‍ സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ നിരവധി വീടുകള്‍ ഭീഷണിയിലാണ്. വൈദ്യുതി തടസം കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ദേവാലയില്‍ 68 മി.മീ. ഊട്ടിയില്‍ 17 മി.മീ, അപ്പര്‍ഭവാനിയില്‍ 51 മി.മീ, എമറാള്‍ഡില്‍ 17 മി.മീ, ഗൂഡല്ലൂരില്‍ 61 മി.മീ, അവിലാഞ്ചിയില്‍ 50 മി.മീ, നടുവട്ടത്തില്‍ 26 മി.മീറ്റര്‍ മഴയുമാണ് ഇന്നലെ വര്‍ഷിച്ചത്. മഴ ശക്തമായതോടെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ഓവുചാലുകളും, മറ്റ് അഴുക്കുചാലുകളും വൃത്തിയാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. മാലിന്യം വന്ന് നിറഞ്ഞിരിക്കുകയാണിവ. ഇത് ജലമൊഴുക്കിനെ തടയുകയാണ്.

SHARE