മുംബൈയില്‍ മഴ ശക്തം; ട്രെയിന്‍, റോഡ് ഗതാഗതം താളംതെറ്റി

തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന മുംബൈ നഗരത്തില്‍ ഗതാഗതം താറുമാറായി. പല പ്രദേശങ്ങളും വെള്ള കയറിയ നിലയിലാണ്. വരുന്ന രണ്ട് മണിക്കൂറും ശക്തമായ മഴ തുടരുമെന്നും അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.

ട്രെയിന്‍, റോഡ് ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. വസായ് വിഹാര്‍ സബര്‍ബന്‍ ട്രെയിന്‍ സേവനം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. നല സോപാരയിലേക്കുള്ള ഗതാഗതവും മഴയെ തുടര്‍ന്ന് തടസ്സപ്പെട്ടു. നഗരത്തിെന്റ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ട്രെയിനുകള്‍ 10 മുതല്‍ 15 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്. മുംബൈ, അഹമ്മദാബാദ് ഹൈവേയിലെ പ്രധാന സ്ഥലങ്ങളും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

ഗാന്ധി മാര്‍ക്കറ്റ്, സിയോണ്‍ പന്‍വേല്‍ ഹൈവേ, ചേമ്പൂര്‍ തെരുവുകളും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറിയ നിലയിലാണ്. പാല്‍ഘറിലും വസായ്, വിഹാര്‍ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. വീടുകളിലടക്കം വെള്ളം കയറിയത് പ്രദേശവാസികള്‍ ബുദ്ധിമുട്ടിലാക്കി.

SHARE