മണിക്കടവ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പെട്ട ജീപ്പിനൊപ്പം കാണാതായ കോളിത്തട്ട് സ്വദേശി കാരിത്തടത്തില്‍ ലിതിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30ഓാടെ വട്ട്യാം തോട് പാലത്തിനടുത്താണ് മൃതദേഹം കണ്ടെത്തയത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴായിരുന്നു അപകടം. ഒഴുക്കില്‍ പെട്ട ജീപ്പിനൊപ്പം ലിതീഷിനെയും കാണാതാകുകയായിരുന്നു. ഇന്നലെയാണ് ജീപ്പ് കണ്ടെത്തിയത്.

ജില്ലാ കലക്ടര്‍ ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടി. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. മൂന്ന് ദിവസമായി തിരച്ചില്‍ നടക്കുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ താവക്കര യു പി സ്‌കൂളിലും, ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ ക്യാമ്പുകളില്‍ തന്നെ തുടരുകയാണ്. 89 പേരാണ് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. താവക്കര യു പി സ്‌കൂളില്‍ 54 പേരും ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 35 പേരുമാണുള്ളത്

SHARE