സംസ്ഥാനത്ത് കനത്ത മഴ; പാളത്തില്‍ മണ്ണിടിഞ്ഞ് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിമാകുന്നു. ഇന്നലെ വൈകിട്ട് മുതല്‍ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്യാപകമായും മഴ ലഭിച്ചു. കനത്ത മഴയില്‍ പലയിടത്തും റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു.

തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതല്‍ വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.കോട്ടയം ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം തിരുവനന്തപുരം സഞ്ചാരദിശയില്‍ മണ്ണ് ഇടിഞ്ഞു വീണത്. കോവിഡ് മൂലം തീവണ്ടി സര്‍വ്വീസുകള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന് തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശേരി വരെ മാത്രമേ ഓടുകയുള്ളൂ. എറണാകുളം ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. കൊച്ചി നഗരത്തിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. എം ജി റോഡ്, ചിറ്റൂര്‍ റോഡ്, പി ആന്‍ഡ് ഡി കോളനി, കമ്മാട്ടിപ്പാടം എന്നിവടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി.

SHARE