അതിതീവ്ര മഴ ഞായറാഴ്ചവരെ: കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ദേശീയ ദുരന്ത നിവാരണ സേനയെത്തി

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തി പ്രാപിച്ചതോടെ ഞായറാഴ്ച വരെ അതിതീവ്ര കനത്ത മഴക്ക് സാധ്യത. സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഞായറാഴ്ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്നും വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ആഗസ്ത് നാലിന് ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് ഭാഗത്തായി രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ ദുര്‍ബലമാകും. എന്നാല്‍, ഇതിനുപിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദത്തിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മീഷന്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരാനിടയുണ്ട്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണയിലുമാണ്. പ്രളയസാധ്യത മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടങ്ങള്‍ വലിയ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. അതേസമയം, കോവിഡ് സാഹചര്യത്തില്‍ ആളുകളെ ബന്ധുവീടുകളിലേക്ക് എത്തിക്കുന്നതിലും ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നതിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ കഴിഞ്ഞ വര്‍ഷത്തിലെന്ന പൊലെ മലബാര്‍ മേഖലയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ശക്തമായ കാറ്റും ഒപ്പം മഴയും ഉണ്ടാകുമെന്ന മുന്നയിപ്പുണ്ട്. വയനാട് ഭാഗത്ത് രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പുതുപ്പാടി, കോടഞ്ചേരി പുഴകളിലും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. മലമ്പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നത് ചാലിയാറില്‍ ജലനിരപ്പ് ഉയരാനും കാരണമായി. മുക്കത്ത് റോഡുകള്‍ വെള്ളത്തിനടിയിലാണ്.

നിലമ്പൂരില്‍ ആദിവാസി മേഖല

നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. കരുളായി, ചുങ്കത്തറ, മൂത്തേടം, പഞ്ചായത്തുകളില്‍ കരിമ്പുഴ തീരത്ത് താമസിക്കുന്നവരും നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുക്കല്ല്, ചുങ്കത്തറ, ചാലിയാര്‍ ,മാമ്പാട്, പഞ്ചായത്തുകളില്‍ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരും അടിയന്തരമായി ബന്ധുവീടുകളിലോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

മുക്കം ചെമ്പുകടവിലുണ്ടായ മലവെള്ളപ്പാച്ചില്‍

വയനാട്, കോഴിക്കോട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

പാലക്കാട് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. കനത്ത മഴ തുടരുന്നതും അതിതീവ്ര മഴ ലഭിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കും.

അതേസമയം, വയനാട്ടിലും മലപ്പുറത്തുമായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. വനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാ് തോണേക്കര കോളനിയിലെ ബാബുവിന്റെ മകള്‍ ജ്യോതിക (6) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ കടപുഴകിയ മരം ബാബുവിന്റെയും മകളുടെയും ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുറിച്വര്‍മല വേങ്ങത്തോട് ഉണ്ണിമായ (5) തോട്ടില്‍ വീണാണ് മരിച്ചത്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.