സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണാ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തെക്കു കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതായാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഈ ന്യൂനമര്‍ദം വരും മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും ശേഷം ചുഴലിക്കാറ്റുമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്.

ഇന്നും നാളെയും സംസ്ഥാനത്ത് ഒന്‍പ്ത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്. മഴക്കൊപ്പം അതിശക്തിയായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുളള മേഖലകളിലെ ജനങ്ങളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനവുമേര്‍പ്പെടുത്തിയിട്ടുണ്ട്. കാലവര്‍ഷം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്താനും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

മെയ് 31- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

ജൂണ്‍ 1- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍

ജൂണ്‍ 2- എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്

ജൂണ്‍ 3- കണ്ണൂര്‍, കാസര്‍ഗോഡ്

SHARE