വടക്കന്‍ കേരളത്തില്‍ കനത്ത മഴ; നാലുമരണം

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേര്‍ മരിച്ചു. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകള്‍ ജ്യോതിക(6) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ കടപുഴകിയ മരം ബാബുവിന്റെയും മകളുടേയും ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുറിച്യര്‍മല വേങ്ങത്തോട് ഉണ്ണിമായ (5) തോട്ടില്‍ വീണാണ് മരിച്ചത്. ജില്ലയില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി.

ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന് കാരണം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതാണെന്നാണ് സംശയം. ഇരുവഴിഞ്ഞിപ്പുഴയുടെയും ചാലിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്‍തോതില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാം തുറക്കാനും സാധ്യതയുണ്ട്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട്ടിലും കോഴിക്കോടും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളില്‍ മലവെള്ളപ്പാച്ചില്‍ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി. നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടി.മലപ്പുറം പോത്തുക്കല്ലില്‍ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികളിലുള്ളവര്‍ ഒറ്റപ്പെട്ടു. മലപ്പുറം മേല്‍മുറിയില്‍ യുവാവ് ഷോക്കേറ്റു മരിച്ചു.മേല്‍മുറി കള്ളാടി മുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്.വൈദ്യുതി ലൈനില്‍ പൊട്ടിവീണ മര കൊമ്പുകള്‍ വെട്ടി മാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്.

കനത്ത മഴ മൂലം നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഭൂതാനം, പൂളപ്പാടം, കുറുസലങ്ങോട് സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. മുപ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രളയ മുന്നറിയിപ്പുഉള്ളതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മലപ്പുറം ജില്ലയില്‍ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

SHARE