ഇന്നും നാളെയും കനത്ത മഴ തുടരും; 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ബംഗാള്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദം മൂലം 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മലയോര മേഖലകളിലാണ് മഴ പെയ്തിരുന്നതെങ്കില്‍ ഇന്നലെ രാത്രി മുതല്‍ നഗരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എല്ലാ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 168.71 മീറ്ററാണ്. നാല് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.88 അടിയായി. രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പന്തീരായിരമേക്കര്‍ മലവാരത്തില്‍ മൂലേപ്പാടം പത്താം ബ്ലോക്കില്‍ ആഢ്യന്‍പാറക്ക് മീതെ വെള്ളരിമലയിലും ഉരള്‍പൊട്ടി. കണ്ണൂരില്‍ മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. അയ്യന്‍കുന്ന പഞ്ചായത്തിലെ ഏഴാംകടവില്‍ രണ്ട് നടപ്പാലങ്ങള്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് 20 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

SHARE