മഴയില്‍ നിറഞ്ഞ് ഡാമുകള്‍; കലക്ടറുടെ അനുമതിയില്ലാതെ ഷട്ടറുകള്‍ തുറക്കരുത്

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നപ്പോൾ

തിരുവനന്തപുരം: ഒരിളവേളക്ക് ശേഷം തുടങ്ങിയ മഴയില്‍ സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയോട് അടുക്കുന്നു. ജില്ലാ കലക്ടര്‍മാരില്‍ നിന്ന് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കലക്ടറുമാരുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കി.

പാലക്കാട്, തൃശൂര്‍ ജില്ലയിലെ ഡാമുകളിലെല്ലാം 80 ശതമാനത്തിലധികം നിറഞ്ഞിരിക്കുകയാണ് ഇടുക്കി അണക്കെട്ടില്‍ ആകെ സംഭരണശേഷിയുടെ 82 ശതമാനമാണു നിലവിലെ ജലനിരപ്പ് 2387.75 അടി. മുല്ലപ്പെരിയാറില്‍ 127.6 അടിയാണ് ജലനിരപ്പ്. മുന്‍കരുതല്‍ നടപടിയായി മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഘട്ടംഘട്ടമായി 25 ക്യുമെക്‌സ് വെള്ളം ഹെഡ് വര്‍ക്ക്‌സ് ഡാമിലേക്കാണ് ഒഴുക്കുന്നത്. പമ്പയില്‍ 975.45 മീറ്ററും കക്കി ഡാമില്‍ 975.003 മീറ്ററുമാണ് ആണ് ജലനിരപ്പ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 420.3 മീറ്ററാണ്. ഷോളയാര്‍ ഡാമില്‍ നിലവില്‍ 2,658 അടിയാണ് ജലനിരപ്പ്. പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരിഞ്ചു വീതം തുറന്നു. നിലവിലെ ജലനിരപ്പ് 78.64 മീറ്റര്‍. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുളള മലമ്പുഴ അണക്കെട്ടില്‍ 113.95 മീറ്റര്‍ വെളളം നിലവിലുണ്ട്. ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

നെല്ലിയാമ്പതി മലനിരകളില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ പോത്തുണ്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കിയില്‍ മാട്ടുപ്പെട്ടി, മൂന്നാര്‍ മേഖലകളില്‍ കനത്ത മഴയാണ് ഇന്നലെ പെയ്തത്. മണ്ണിടിച്ചിലുണ്ടാകുമെന്നതിനാല്‍ നെല്ലിയാമ്പതിയിലേക്കുളള വിനോദ സഞ്ചാരികളുടെ യാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തി. മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവരേയും നിരുത്സാഹപ്പെടുത്തുതയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള നെല്ലിയാമ്പതി, അട്ടപ്പാടി, കരടിയോട് എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.