കാലവര്‍ഷം ശക്തി പ്രാപിക്കുന്നു ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
നാളെ കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ‘വായു’ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ‘വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഇല്ലെങ്കിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തീരദേശ ജില്ലകളില്‍ 12 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. ഇന്ന് രാവിലെ അറബിക്കടലില്‍ കാറ്റിന്റെ വേഗത 170 കി.മീ വരെയാകാം.
കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ 3.5 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കടലിനോട് അടുത്ത മേഖലകളിലെല്ലാം വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളിലും സമാന രീതിയില്‍ ശക്തമായ തിരമലാകളുണ്ടാകും.
കേരള തീരത്ത് കടലാക്രമണം ശക്തമാകുകയും ചെയ്യും. കേരളം, കര്‍ണാടക, മഹാരാഷ്ട്ര തീരക്കടല്‍, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ദമാകും. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് വടകരയിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
ഇവിടെ 10 സെന്റീമീറ്ററും, തൃശൂര്‍ ഏനാമക്കലില്‍ ഒന്‍പത് സെന്റീമീറ്ററും മഴ ലഭിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പറമ്പിക്കുളം, കൊയിലാണ്ടി,ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ അഞ്ചു സെന്റീമീറ്ററും മഴ ലഭിച്ചു. അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഇന്ന് പുലര്‍ച്ചെ വായു തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

SHARE