ഇന്ത്യയില്‍ ഹൃദ്രോഗം പെരുകുന്നതിന് കാരണം കണ്ടെത്തി മലയാളി ഡോക്ടര്‍

ഇന്ത്യക്കാര്‍ക്കിടയില്‍ മാരകമായ രീതിയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നുവെന്ന് പല പഠനങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് കാരണമെന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് യുഎസിലെ പ്രശസ്ത കാര്‍ഡിയോ സര്‍ജനും മലയാളിയുമായ ഡോ. ഈനാസ്. കോട്ടയം പാലാ ഉള്ളനാട്ടുകാരനാണ് ഡോ. ഈനാസ്. കഴിഞ്ഞ 20 വര്‍ഷത്തെ ഗവേഷണ ഫലമായാണ് ഡോക്ടറുടെ കണ്ടെത്തല്‍.

ഹൃദ്രോഗത്തിന്റെ ജനിതക കാരണമായ ലിപ്പോപ്രോട്ടീന്‍ എയുടെ സാന്നിധ്യമാണ് ഇന്ത്യക്കാരെ ഹൃദ്രോഗികളാക്കി മാറ്റുന്നതെന്നുമുള്ള സുപ്രധാന കണ്ടെത്തലാണ് ഡോ. ഈനാസ് നടത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ 30 വര്‍ഷത്തിനിടെ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി നടത്തിയത് 1000 പ്രഭാഷണങ്ങളാണ്.

കാന്‍സര്‍, സ്‌ട്രോക്ക് തുടങ്ങിയവ മൂലമുള്ള മരണങ്ങളെക്കാള്‍ കൂടുതലായിരുന്നു ഹൃദ്രോഗ മരണങ്ങള്‍. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയാണ് ഹൃദ്രോഗ കാരണങ്ങളെന്നു ചില പഠനങ്ങള്‍ പുറത്തു വന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുകവലി ശീലം മാറ്റിയില്ല. തൊണ്ടയിലെ അള്‍സര്‍ മാറാന്‍ പുകവലി നല്ലതാണെന്ന വിശ്വാസം പോലും അന്നുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ഈനാസ് ഹൃദ്രോഗ കാരണങ്ങള്‍ തേടി ഇറങ്ങുന്നത്. നാപ്പര്‍വില്ലെ എഡ്‌വേഡ് ഹോസ്പിറ്റല്‍, ഡൗണേഴ്‌സ് ഗ്രോവ് ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി 40 വര്‍ഷത്തെ സേവനവും ഒപ്പം ഹൃദ്രോഗത്തെക്കുറിച്ചുള്ള ഗവേഷണവും നടത്തി അദ്ദേഹം.

ഗവേഷണം പുരോഗമിക്കവേ വിചിത്രമായ കണ്ടെത്തലില്‍ ഈനാസിന്റെ മനസ്സുടക്കി. ബ്രിട്ടിഷുകാരെക്കാള്‍ 3 ഇരട്ടിയും ചൈനക്കാരെക്കാള്‍ 7 ഇരട്ടിയും ദക്ഷിണാഫ്രിക്കക്കാരെക്കാള്‍ 30 ഇരട്ടിയും ഇന്ത്യക്കാരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണം ഓരോ വര്‍ഷവും 3-4 ശതമാനം കൂടിക്കൊണ്ടിരിക്കുന്നു. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ 10 വര്‍ഷം മുന്‍പേ, താരതമ്യേന ചെറുപ്പത്തില്‍ തന്നെ ഹൃദ്രോഗികളാകുന്നു. ഇതിന്റെ കാരണം തേടിയുള്ള ഗവേഷണമായി പിന്നീട്. ഇന്ത്യക്കാരുടെ ജനിതക ഘടനയിലുള്ള മാറ്റങ്ങളിലേക്കാണ് ഇതു വഴിതുറന്നത്.

ഹൃദ്രോഗത്തിനു കാരണമാകുന്ന ലിപ്പോപ്രോട്ടീന്‍ (എ)യുടെ അളവ് വെള്ളക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരില്‍ കൂടുതല്‍ ആണെന്നു ഡോ. ഈനാസിന്റെ പഠനത്തില്‍ കണ്ടെത്തി. അപ്പോള്‍ കഴിഞ്ഞ 50 വര്‍ഷങ്ങള്‍ ഈ ലിപ്പോപ്രോട്ടീന്‍ എവിടെയായിരുന്നു എന്നതായി അടുത്ത ചോദ്യം. മേലനങ്ങി പണിയെടുത്തിരുന്ന നമ്മുടെ കാരണവന്മാരുടെ കാലത്ത് ഇതു പുറത്തുവരാന്‍ ധൈര്യപ്പെടാതെ ഒളിച്ചിരുന്നു. ഇന്നു ശരീരം അനങ്ങാതെയുള്ള ജീവിതശൈലിയും ജങ്ക് ഭക്ഷണം നല്‍കുന്ന അമിത കാലറിയും മൂലം പഞ്ചസാര, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവയെല്ലാം കൂടി. ഒപ്പം ഹൃദ്രോഗ സാധ്യതയും.

കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ ഭക്ഷണ രീതിയിലേക്കു മാറുന്ന രണ്ടു വയസ്സു മുതല്‍ക്കേ അമിത മധുരം, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണം എന്നാണ് ഡോ. ഈനാസിനു മലയാളികളോടു പറയാനുള്ളത്. ഭക്ഷണം നന്നായാല്‍ ഹൃദയവും നന്നെന്ന് പറയുന്ന ഡോക്ടര്‍ ഹൃദ്രോഗം തടയുന്നതിനായി ഇന്ത്യക്കാര്‍ക്കായി രൂപപ്പെടുത്തിയ 7 കല്‍പനകള്‍ ഇവയാണ്. പുക വലിക്കരുത് , ദിവസവും 30 മിനിറ്റ് വ്യായാമം, പോഷക ഭക്ഷണം കഴിക്കണം, ശരീരഭാരം കൂടാതിരിക്കുക
രക്തത്തിലെ പഞ്ചസാര 100 മില്ലിഗ്രാമിനു താഴെ, രക്തസമ്മര്‍ദം 80-120ന് ഉള്ളില്‍, കൊളസ്‌ട്രോള്‍ 140 മില്ലിഗ്രാമിനു താഴെ (എല്‍ഡിഎല്‍ 70നു താഴെ).

SHARE