ഭക്ഷണവും യാത്രാസൗകര്യവുമില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍; ജീവന്‍ പണയം വച്ച് അവര്‍ ജോലിക്കെത്തുന്നത് ദുരിതങ്ങള്‍ താണ്ടി

ബഷീര്‍ കൊടിയത്തൂര്‍
കോഴിക്കോട്: കൊറോണ വൈറസ് ഭീതി മൂലം നാട് ലോക്ക് ഡൗണില്‍ അമര്‍ന്നപ്പോള്‍ അതൊന്നും ബാധിക്കാതെ സേവനരംഗത്ത് സജീവമാകുകയാണ് ആരോഗ്യവകുപ്പിലെ ജീവനക്കാര്‍. രോഗഭീതിയെ പിടിച്ചുകെട്ടാന്‍ സര്‍വസന്നാഹങ്ങളുമായി ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ അവരെ സര്‍ക്കാര്‍ അവശ്യസര്‍വീസായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് ജോലിക്കെത്താനുള്ള സൗകര്യമോ ഭക്ഷണം എത്തിക്കാനുള്ള സംവിധാനമോ ഇല്ലാത്തതിനാല്‍ അവര്‍ ദുരിതത്തിലാണ്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയതിനാല്‍ ഇവര്‍ക്ക് യാത്രാസൗകര്യമില്ല. അവശ്യസര്‍വീസായതിനാല്‍ ലീവ് എടുക്കാനുമാവില്ല. അതിനാല്‍ പലരും വാഹനം ഓട്ടം വിളിച്ചാണ് ഓഫിസിലെത്തുന്നത്. വൈകിട്ട് തിരിച്ചുപോവാനും വാഹനം വാടകക്ക് വിളിക്കേണ്ടിവരുന്നു. ഇങ്ങനെ ദിവസം 300 രൂപ മുതല്‍ 500 രൂപ വരെ ജോലി സ്ഥലത്തെത്താന്‍ ഓരോരുത്തരും ചെലവഴിക്കേണ്ടിവരുന്നു. വനിതാജീവനക്കാര്‍ക്കാണ് പ്രയാസം കൂടുതല്‍. ആസ്പത്രിയിലേക്കാണ് ഓട്ടമെന്ന് പറഞ്ഞാല്‍ പലരും കൊറോണ പേടി മൂലം വരാന്‍ മടിക്കുന്ന അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല പൊലിസുകാരുടെ ചോദ്യം ചെയ്യലും സഹിക്കണം. മലയോരമേഖലയിലാണ് കൂടുതല്‍ യാത്രാദുരിതം. പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ അധികവും താല്‍ക്കാലിക ജീവനക്കാരാണ്. ഇവര്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ഛമായ കൂലിയും. അതില്‍ നിന്നാണ് വലിയൊരു തുക യാത്രക്കായി മുടക്കേണ്ടി വരുന്നത്. ജീവനക്കാര്‍ക്ക് അര്‍ഹമായ ലീവുകള്‍ ഇപ്പോള്‍ നിഷേധിച്ചതിനാല്‍ ആസ്പത്രിയില്‍ എത്തല്‍ എല്ലാവിഭാഗം ജീവനക്കാര്‍ക്കും നിര്‍ബന്ധമാണ്.

അധികജോലിയുടെ പേരില്‍ അവശ്യസേവന വിഭാഗമായ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് അധിക സാമ്പത്തിക സഹായം നല്‍കാന്‍ മറ്റു സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാടും കര്‍ണാടകയും ഒരു മാസത്തെ അധികവേതനം നല്‍കുമ്പോള്‍ പഞ്ചാബും ഡല്‍ഹിയും രണ്ടു മാസത്തെ ശമ്പളമാണ് പ്രഖ്യാപിച്ചത്. മാത്രമല്ല അവര്‍ക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്രമല്ല യാത്രസൗകര്യവും ഒരുക്കിയിട്ടില്ല. പലയിടത്തും ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെങ്കിലും വാസയോഗ്യമല്ല. മാത്രമല്ല അവിടെ താമസിച്ചാല്‍ തന്നെ ഭക്ഷണം ലഭിക്കാന്‍ സൗകര്യവുമില്ല.

ലോക് ഡൗണിന്റെ പേരില്‍ പലയിടത്തും കടകള്‍ അടച്ചിട്ടതിനാല്‍ ഭക്ഷണലഭ്യതയും കുറഞ്ഞിട്ടുണ്ട്. അതിരാവിലെ മുതല്‍ ജോലി തുടങ്ങുന്നവര്‍ വൈകിട്ടാണ് അവസാനിപ്പിക്കുന്നത്. നേരത്തെ ആസ്പത്രികളില്‍ സന്നദ്ധസംഘടനകളുടെ ഭക്ഷണവിതരണം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ലോക് ഡൗണും ഇരട്ടിജോലി ഭാരവും അധിക യാത്രാചെലവും കാരണം നടുവൊടിഞ്ഞതിനാല്‍ ഫലത്തില്‍ ഈ രണ്ടു മാസം ശമ്പളം ചെലവിനു മാത്രമേ തികയൂ എന്ന അവസ്ഥയിലാണ്. ഇതിനിടയില്‍ സര്‍ക്കാറിലേക്ക് സംഭാവന ചെയ്യാന്‍ വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. മറ്റു വകുപ്പിലെ ജീവനക്കാര്‍ ലോക് ഡൗണിന്റെ പേരില്‍ അവധിയാണ്. അതേ രീതിയിലാണ് ആരോഗ്യവകുപ്പിനെയും സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ട് തന്നെ അധികവേതനം തന്നില്ലെങ്കിലും സാലറി ചലഞ്ചില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

SHARE