കണ്ണൂരും കാസര്‍ക്കോടും കോവിഡ് രോഗികളുടെ വിവരം ചോര്‍ന്നു; രോഗികളെ തേടി ഫോണ്‍ കോളുകള്‍

കോഴിക്കോട്: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായതായി റിപ്പോര്‍ട്ട്. രോഗികളുടെ മേല്‍വിലാസവും സ്വകാര്യ നമ്പര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പുറത്തായതോടെ സ്വകാര്യ കമ്പനികളില്‍ നിന്ന് കോവിഡ് രോഗികളെ തേടി ഫോള്‍കോളുകളെത്തുന്നതായാണ് വിവരം.

ബാംഗ്ലൂരില്‍ നിന്നുള്ള സ്വകാര്യ കമ്പനിയില്‍ നിന്നും രോഗിയുടെ മൊബൈലിലേക്ക് കോള്‍ വരുകയും കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്തതോടെയാണ് ചോര്‍ച്ച പുറത്താവുന്നത്. സ്വകാര്യ ആപ്പുകള്‍ വഴിയാണ് വിവരങ്ങള്‍ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാംഗ്ലൂരില്‍ നിന്നുള്ള ഐകോണ്ടല്‍ എന്ന കമ്പനി കാസര്‍കോടുള്ള രോഗിയെ മൊബൈല്‍ വഴി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ആരാഞ്ഞത്. സ്പ്രികളര്‍ വിവാദത്തിന് പിന്നാലെ ഒരു സ്വകാര്യ കമ്പനിയ്ക്ക് കൊവിഡ് രോഗിയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിച്ചുവെന്നത് വിവാദമാവുകയാണ്. അതേസമയം, കോവിഡ് പോസിറ്റീവായ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നിര്‍മ്മിച്ച ആപ്പുകളില്‍നിന്നുമാവാം വിവരങ്ങള്‍ ചോര്‍ന്നതെന്നും സംശയിക്കുന്നുണ്ട്. കണ്ണൂരിനും കാസര്‍കോടിനും പുറമെ പത്തനംതിട്ടയിലും വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

രോഗികളുടെ വിവരം ചോരുന്നത് സംബന്ധിച്ച് സൂചിപ്പിക്കവെ, ബന്ധപ്പെട്ട വാര്‍ത്ത താന്‍ കണ്ടെതായും ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
രോഗം സുഖമായി വീട്ടിലേക്ക് പോയാല്‍ വാര്‍ത്ത വരും അപ്പോള്‍ എല്ലാവരും അറിയുകയും ചെയ്യും. അതു മുതലെടുത്താണ് ചിലര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആരെയും മുതലെടുപ്പിന് അനുവദിക്കില്ല. രോഗബാധിതരായ കാസര്‍കോട് സ്വദേശികള്‍ക്കെല്ലാം ബാംഗ്ലൂരിലും മറ്റും ബന്ധങ്ങളുണ്ട് അതിനാല്‍ തന്നെ ഇത്തരം ഫോണ്‍ കോളുകളില്‍ പരിഭ്രാന്തി വേണ്ട. എന്താണ് ഇവരുടെ ബിസിനസ് താത്പര്യം എന്നെനിക്ക് അറിയില്ല. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.