ശ്രീലങ്കയുടെ പുതിയ പ്രസിഡന്റും ന്യൂനപക്ഷങ്ങളുടെ ആശങ്കയും

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രതിരോധ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനുമായ ഗോതബായ രാജപക്ഷെ വിജയിച്ചു. മഹിന്ദ രാജപക്ഷെയുടെ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി(എസ്.എല്‍.പി.പി) സ്ഥാനാര്‍ത്ഥിയായ ഗോതബായക്ക് 52.25 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഭരണകക്ഷിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യു.എന്‍.പി) പരാജയം സമ്മതിച്ചു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പാര്‍ട്ടിയായ യു.എന്‍.പിക്കുവേണ്ടി സജിത് പ്രേമദാസയായിരുന്നു മത്സരിച്ചിരുന്നത്.

തോല്‍വി അംഗീരിക്കുന്നതായും ജനവിധി മാനിക്കുന്നതായും സജിത് പ്രേമദാസ പറഞ്ഞു. ഗോതബായയെ അദ്ദേഹം അഭിനന്ദിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അരുണ കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനാത്ത.് 35 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ലങ്കയില്‍ തമിഴ് പുലികളെ തോല്‍പ്പിച്ച് ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച അന്തിമ പോരാട്ടത്തില്‍ ഗോതബായയായിരുന്നു പ്രതിരോധ സെക്രട്ടറി. 26 വര്‍ഷം ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ അദ്ദേത്തിന് നിര്‍ണായക പങ്കുണ്ട്. ഗോതബായക്ക് യു.എസ് പൗരത്വമുണ്ടായിരുന്നു. പ്രസിഡന്റാകാന്‍ വേണ്ടിയാണ് അത് ഉപേക്ഷിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ 250 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ഗോതബായയുടെ വിജയം ഉറപ്പാക്കാന്‍ രാജപക്ഷെ സഹോദരങ്ങളെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍.പി ഡെപ്യൂട്ടി പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെക്കുന്നതായി സജിത് പ്രേമദാസ അറിയിച്ചു.

അതേസമയം ഗോതബായയുടെ വിജയത്തില്‍ രാജ്യത്തെ മനുഷ്യാവകാശ സംഘനടകള്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരു ഭൂരിപക്ഷ, ഏകാധിപത്യ ഭരണകൂടത്തെയാണ് ശ്രീലങ്കക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കൊളംബോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ പോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് പറഞ്ഞു. തമിഴ് പുലികളുമായുള്ള അന്തിമ യുദ്ധത്തിന്റെ അവസാന ദിനങ്ങളില്‍ രാജ്യത്ത് നടന്ന മനുഷ്യാവകാശ ധ്വംനങ്ങളില്‍ ഗോതബായക്ക് നിര്‍ണായക പങ്കുള്ളതായി ആരോപണമുണ്ട്. സാധാരണക്കാരുള്‍പ്പെടെ നാല്‍പതിനായിരത്തിലേറെ പേരാണ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. മഹിന്ദ രാജപക്ഷെ പ്രസിഡന്റായിരുന്ന കാലത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഗോതബായയാണെന്ന് മനുഷ്യാവകാശ സംഘനടകള്‍ ആരോപിക്കുന്നു. രാജപക്ഷെ അധികാരത്തിലിരുന്ന കാലത്തെ കൂട്ടക്കുരുതികളെയും മറ്റു കുറ്റകൃത്യങ്ങളെയും കുറിച്ച് അന്വേഷിക്കണമെന്ന് ദീര്‍ഘകാലമായി അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അന്തിമ യുദ്ധ കാലത്ത് തമിഴ് രാഷ്ട്രീയ പ്രമുഖരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ചില മാധ്യമപ്രവര്‍ത്തകരെ നാടുകടത്തി. ആയിരക്കണക്കിന് ആളുകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പക്ഷെ, ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല.

ഗോതബായ രാജപക്ഷെ പ്രസിഡന്റായി അധികാരത്തിലെത്തുമ്പോള്‍ മുസ്്‌ലിംകളും തമിഴരും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ 250 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങള്‍ക്കുശേഷം രാജ്യത്ത് മുസ്്‌ലിംകള്‍ക്കെതിരെ ഔദ്യോഗിക തലത്തില്‍ സംഘടിത നീക്കങ്ങള്‍ സജീവമായിരിക്കുമ്പോള്‍ ഗോതബായയുടെ വരവ് തങ്ങളുടെ ദുരിതം ഇരട്ടിയാക്കുമെന്ന് മുസ്്‌ലിംകള്‍ കരുതുന്നു. തമിഴ്പുലികളുമായുള്ള അന്തിമ യുദ്ധത്തിന് നേതൃത്വം നല്‍കിയ പ്രതിരോധ സെക്രട്ടറിയെന്ന നിലയില്‍ ഗോതബായ എന്ന പേര് തമിഴരും ഞെട്ടലോടെയാണ് കേള്‍ക്കുന്നത്.
ഈസ്റ്റര്‍ ദിന ഭീകരാക്രമണങ്ങളുടെ സുരക്ഷ പിഴവ് ചൂണ്ടിക്കാട്ടിയും മുസ്്‌ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുമായിരുന്നു ഗോതബായയുടെ പാര്‍ട്ടി വോട്ട് പിടിച്ചത്. രാജ്യത്ത് ഇസ്്‌ലാമിന്റെ പ്രചാരണം തടയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ എസ്.എല്‍.പി.പിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു രാജപക്ഷയെ അനുകൂലിക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പ്രഖ്യാപനം. മുസ്്‌ലിംകളെ മുഴുവന്‍ ഭീകരരായി ചിത്രീകരിച്ചാണ് പ്രചാരണങ്ങള്‍ നടക്കുന്നതെന്ന് മുസ്്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ പുറപ്പെട്ട മുസ്്‌ലിം വോര്‍ട്ടമാരുടെ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പുണ്ടായിരുന്നു.