വന്യജീവി സങ്കേതത്തില്‍ നിന്ന് മടങ്ങവെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

ന്യൂഡല്‍ഹി: ഫരീദാബാദിലെ വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തെ അജ്ഞാതര്‍ മര്‍ദ്ദിച്ചു. ഒരു പെണ്‍കുട്ടിയടക്കം എഴുപേര്‍ക്കു നേരെയായിരുന്നു ആക്രമണം. മൂന്നുപേര്‍ നിലവില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളും മൂന്നുപേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികളുമാണ്. ഒരാള്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് വിദ്യാര്‍ത്ഥിയാണ്.

വൈകീട്ട് 8.30ഓടെ വന്യജീവി സങ്കേതത്തില്‍ നിന്ന് മടങ്ങവെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്തത്. പെണ്‍കുട്ടിയുമായി സംഘത്തിലെ മറ്റുള്ളവര്‍ക്ക് എന്ത് ബന്ധമാണുള്ളതെന്ന് ചോദിച്ചായിരുന്നു തുടക്കം. കൂട്ടത്തിലെ താടിെവച്ചയാളെ ‘കന്നുകാലി കള്ളന്‍’ എന്ന് വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മറ്റൊരു സംഘമെത്തി ഇവരെ വടികൊണ്ട് അടിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറിയതായും അവര്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ വാഹനത്തിന്റെ ഡ്രൈവറുടെയും പ്രദേശവാസികളുടെയും സഹായത്തോടെ രക്ഷപ്പെട്ട് സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ കേസെടുക്കുന്നതിന് പകരം വിദ്യാര്‍ത്ഥികളോട് മാപ്പപേക്ഷ നല്‍കാനാണ് പൊലീസ് ആവശ്യപ്പെട്ടത്. കീറിപ്പറഞ്ഞ പെണ്‍കുട്ടിയുടെ വസ്ത്രം കണ്ട് പൊലീസ് പറഞ്ഞത് ഇത് ഫ്രീ സെക്സ് രാജ്യമല്ലെന്നാണ്. മാത്രമല്ല എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും പൊലീസ് തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു.

SHARE