“പ്രധാനമന്ത്രി അപ്രത്യക്ഷനായി”; ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈന ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒന്നും മിണ്ടാതെ അപ്രത്യക്ഷനായെന്നും രാഹുല്‍ ആരോപിച്ചു. ലഡാക്കിലെ ഇന്ത്യയുടെ പ്രദേശം ചൈന പിടിച്ചെടുത്തതായി കാണിച്ചാണ് പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച ട്വീറ്റ് ചെയ്തത്.

‘ചൈനക്കാര്‍ ലഡാക്കിലെ നമ്മളുടെ പ്രദേശം പിടിച്ചെടുത്തു. അതേസമയം, പ്രധാനമന്ത്രി തികച്ചും നിശബ്ദനാണ്, സംഭവസ്ഥലത്ത് നിന്ന് അപ്രത്യക്ഷനായി,’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

സൈനികതല ചര്‍ച്ചയ്ക്കിടെ ചൈന കടുത്ത നിലപാടെടുത്തുവെന്നും ഗാല്‍വാന്‍ താഴ്വരയെയും പാങ്കോംഗ് ത്സോയുടെ ചില ഭാഗങ്ങളെയും ക്ലെയിം ചെയ്തിട്ടുണ്ടെന്നുമുള്ള വര്‍ത്ത പങ്കുവെച്ചാണ് രാഹുലിന്റെ ആരോപണം. അതിര്‍ത്തി പ്രശ്നത്തെക്കുറിച്ചും ലഡാക്ക് മേഖലയിലെ ഇന്ത്യന്‍ പ്രദേശം ചൈന ഏറ്റെടുത്തിട്ടുണ്ടോയെന്നതിനെ കുറിച്ചും രാഹുല്‍ സര്‍ക്കാരിനോട് ചോദിച്ചു.

മഹാമാരി തടയുന്നതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യയ്ക്ക് വന്‍തലവേദനയായിരുന്നു. ഇന്ത്യന്‍ മേഖലയിലേക്ക് ചൈനീസ് പട്ടാളം കയറിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മഞ്ഞുരുകുന്നു എന്ന സുചന പുറത്ത് വന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് കൂടുതല്‍ സൈനികരും ആയുധങ്ങളും രണ്ട് രാജ്യങ്ങളും എത്തിച്ചിരുന്നു. നിയന്ത്രണരേഖയിലെ മൂന്നിലധികം പോയിന്റുകളില്‍ നിന്ന് ഇരു രാജ്യയങ്ങളും സൈന്യത്തെ പിന്‍വലിച്ചു. രണ്ടര കിലോമീറ്റര്‍ പിന്‍മാറിയെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിക്കുന്നത്.

സംഘര്‍ഷം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഈയാഴ്ചയും തുടരും. ഗല്‍വാന്‍ താഴ്വരയിലെയും പാന്‍ഗോങ് തടാകക്കരയിലെയും ഇന്ത്യന്‍ മേഖലയിലെ ചൈനീസ് കടന്നുകയറ്റമാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് ഇടയാക്കിയത്. എന്നാല്‍ ഈ മേഖലകളില്‍ നിന്ന് ചൈന പിന്‍മാറിയോ എന്ന് വ്യക്തമല്ല.